ടി.ജി.ബൈജുനാഥ്
ഒരു ഭരത്ചന്ദ്രനെയോ ചാക്കോച്ചിയെയോ പ്രതീക്ഷിച്ചു കാണേണ്ട സിനിമയല്ല പാപ്പനെന്നും ഒരു ലേലമോ പത്രമോ ഒന്നും പ്രതീക്ഷിക്കരുതെന്നും തിരക്കഥാകൃത്ത് ആർ.ജെ.ഷാൻ.
‘ ആരോ ഉണ്ടാക്കി വച്ചിട്ടുള്ള ബൃഹത്തായ ഒരു സങ്കല്പത്തെ പുനഃസൃഷ്ടിക്കാൻ ഒരെഴുത്തുകാരനും ഇഷ്ടപ്പെടില്ല. അതിൽ വെള്ളം ചേർക്കാൻ ഞാൻ എന്ന ആരാധകൻ തയാറല്ല.
എഴുത്തുകാരൻ തയാറല്ല. സംവിധായകനും തയാറല്ല.’- ജോഷി – സുരേഷ് ഗോപി സിനിമ പാപ്പന്റെ രചനാവഴികളെക്കുറിച്ച് ആർ ജെ. ഷാൻ പറയുന്നു.
‘ ഞാൻ സൃഷ്ടിച്ചത് ഏബ്രഹാം മാത്യു മാത്തനെയാണ്. മാത്തന്റെ അംശങ്ങൾ ഇതുവരെ നിങ്ങൾ സിനിമയിൽ സുരേഷേട്ടനിലൂടെ കണ്ടിട്ടില്ല.
പണ്ടത്തെ കഥാപാത്രങ്ങൾ സംസാരിക്കുന്ന ഡയലോഗുകളിലൂടെയല്ല മാത്തൻ കടന്നുപോകുന്നത്. സുരേഷേട്ടൻ ഡോമിനേറ്റ് ചെയ്ത ആ കഥാപാത്രങ്ങളുടെ യാതൊരു ഹാങ്ങ്ഓവറുമുള്ള കഥാപാത്രമല്ല മാത്തൻ.
സുരേഷ് ഗോപിയിലെ ഇരുത്തംവന്ന അഭിനേതാവിനെ എക്സ്പ്ലോർ ചെയ്യുന്ന മുഹൂർത്തങ്ങളാണ് മാത്തനുള്ളത്.’
എഴുതുന്പോൾ മനസിൽ സുരേഷ് ഗോപി തന്നെ ആയിരുന്നോ?
എഴുതിക്കഴിയുംവരെ ഏബ്രഹാം മാത്യു മാത്തൻ മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. ജോഷി സാറിലേക്ക് എത്തുന്ന സമയത്ത് സുരേഷ് ഗോപി എന്ന നടൻ വന്നാൽ നന്നാവും എന്ന തോന്നൽ മാത്രം ഉണ്ടായിരുന്നു.
ഈ കാരക്ടറിനെക്കുറിച്ച് ആദ്യം പറഞ്ഞപ്പോൾ ‘സുരേഷ് ചെയ്താൽ നന്നാവും’ എന്നാണു ജോഷി സാർ പറഞ്ഞത്.
കഥയ്ക്കു പിന്നിലെ സ്പാർക്ക് ?
ലോക്ഡൗൺ സമയത്തു കഥാചർച്ചകൾക്കിടെ കൂട്ടുകാർക്കിടയിൽ നിന്നാണ് ഇതുണ്ടായത്. എന്റെ അസിസ്റ്റന്റ് റൈറ്ററായ രജീഷ് ബാലു പറഞ്ഞ ചിന്തകളിൽ നിന്ന് പെട്ടെന്ന് എനിക്കുണ്ടായ ഒരു സ്പാർക്കാണ് ഏബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രം.
പിന്നീടാണ് പാപ്പൻ എന്ന പേരു ണ്ടായത്. പൂർണമായും ഫിക്്ഷനാണ്. ഇന്നത്തെ റിയലിസ്റ്റിക് സിനിമകളോട് ഒരു കാരണവശാലും കിടപിടിക്കേണ്ട സിനിമയല്ല ഇത്. ഇമോഷണൽ ജേർണിയിലൂടെ കടന്നുപോകുന്ന ഒരനുഭവമാണു പാപ്പൻ. വലിയ സ്ക്രീനിൽ കാണാൻ ഇഷ്ടപ്പെടുന്ന സിനിമകളില്ലേ…അതിലൊന്നാണിത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ പാപ്പൻ..?
പൂർണമായും ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല; ഇമോഷണൽ ത്രില്ലറാണ്. അതിന്റെ ജോണർ ക്രൈം ഡ്രാമയാണ്. ത്രില്ലർ എന്നാൽ ത്രസിപ്പിക്കുക എന്നു മാത്രമേ അർഥമുള്ളൂ.
അവസാന സീൻ എത്തും വരെയും ഏബ്രഹാം മാത്യു മാത്തൻ
നിഗൂഢമായ കഥാപാത്രം തന്നെയാണ്. ഏബ്രഹാം മാത്യു മാത്തൻ എന്ന നിഗൂഢതയാണ്ഈ സിനിമ.
സുരേഷ്ഗോപിയിലേക്ക് എത്തിയത്..?
2008 ൽ റേഡിയോയിൽ സുരേഷേട്ടനെ ഇന്റർവ്യൂ ചെയ്തിരുന്നു. ഞാൻ സ്ക്രിപ്റ്റെഴുതിയ സൈറാബാനുവിൽ ഷെയിൻനിഗം ചെയ്ത വേഷം ഗോകുൽ സുരേഷിന് ഓഫർ ചെയ്തതാണ്.
അന്ന് ഗോകുലിന് അതു കമിറ്റ് ചെയ്യാനായില്ല. സൈറാബാനുവിൽ അമല അക്കിനേനി ചെയ്ത വേഷം സുരേഷ്ഗോപി ചെയ്താൽ എന്ന സാധ്യത ആലോചിച്ചിരുന്നു. അന്നു സുരേഷ്ഗോപി -മഞ്ജുവാര്യർ സിനിമ സംഭവിക്കാതിരുന്നതു ഞങ്ങൾക്കു വലിയ നഷ്ടം തന്നെയാണ്.
പാപ്പൻ എഴുതി വന്നപ്പോൾ അതൊരു സൂപ്പർ സ്റ്റാർ ചെയ്യണം എന്നൊരു തോന്നലായി. ഒരു കാലഘട്ടമത്രയും സ്വാധീനം സൃഷ്ടിച്ച മനുഷ്യനാണ് ഏബ്രഹാം മാത്യു മാത്തൻ. മാത്തനായി സുരേഷ്ഗോപി വരുന്പോൾ അതു നമുക്കു കൃത്യമായി ഫീൽ ചെയ്യും.
രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമല്ലേ പാപ്പൻ..?
അറുപതുകളിലൂടെ കടന്നുപോകുന്നയാളാണ് മാത്തൻ. സുരേഷ് ഗോപിയും അറുപതു കഴിഞ്ഞ യാളാണ്. ഇന്നത്തെ സുരേഷ്ഗോപിയിലെ ആക്ടറിനെ – ഈ പ്രായത്തിലെ ഡയലോഗ് റെൻഡറിംഗ്, ഈ പ്രായത്തിലെ എനർജി, ഈ പ്രായത്തിലെ പവർ – എക്സ്പ്ലോർ ചെയ്യുന്ന കഥാപാത്രമാണ് ഏബ്രഹാം മാത്യു മാത്തൻ.
സിനിമയിൽ രണ്ടു കാലഘട്ടം ഉണ്ട് എന്നതു സത്യമാണ്. പക്ഷേ, ഇതു സുരേഷേട്ടനെ ചെറുപ്പക്കാരനാക്കാൻ ഉണ്ടാക്കിയ കഥാപാത്രമല്ല. അന്നത്തെ സുരേഷ് ഗോപിയെ എക്സ്പ്ലോർ ചെയ്യാൻ എഴുതിയ സിനിമയുമല്ല. അതുകൊണ്ടു തന്നെ തീപ്പൊരിക്കും കയ്യടിക്കും വേണ്ടി ഒരു സീനും എഴുതിയിട്ടില്ല.
സുരേഷ്ഗോപിയുടെ തിരിച്ചുവരവ് പ്ലാൻ ചെയ്ത് എഴുതിയതാണോ പാപ്പൻ..?
സുരേഷേട്ടന്റെ തിരിച്ചുവരവിനു വേണ്ടി എഴുതിയ സിനിമയൊന്നുമല്ല ഇത്. സുരേഷേട്ടൻ ചെയ്താൽ അതിഗംഭീരമാകുമെന്നുതോന്നിയ ഒരു പ്രമേയമായതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ അദ്ദേഹത്തിന് ഒരു ഫാൻ ബോയി ട്രിബ്യൂട്ടാണ്.
ഏബ്രഹാം മാത്യു മാത്തൻ ഒരു പോലീസുകാരൻ ആയിരുന്നു. പക്ഷേ, ഇതൊരു സ്ഥിരം പോലീസ് സിനിമയല്ല. ഇതൊരു സ്ഥിരം പോലീസ് വേഷവുമല്ല. അതിനു മുകളിലോ താഴെയോ മാത്തനു കഥകളുണ്ട്. പക്ഷേ,ഇതു പൂർണമായും ഒരു പോലീസ് സിനിമയല്ല.
ജോഷി – സുരേഷ്ഗോപി കെമിസ്ട്രി…?
ജോഷിസാറും സുരേഷേട്ടനും തമ്മിൽ ഒരു വൈബും റാപ്പോയുമുണ്ട്. അതു നിശബ്ദതയുടെ വൈബാണ്. അവർ തമ്മിൽ സംസാരം വളരെ കുറവാണ്.
‘സുരേഷ്’ എന്നു ജോഷി സാർ വിളിച്ചാൽ സുരേഷേട്ടനു മനസിലാവും എന്താണു ജോഷി സാർ വിളിക്കാനുള്ള കാരണമെന്ന്.
സുരേഷേട്ടന്റെ സ്റ്റാർഡം എക്സ്പ്ലോർ ചെയ്യാൻ വേണ്ടിയല്ല ജോഷിസാർ ഈ സിനിമയെ കണ്ടിരിക്കുന്നത്. പൂർണമായും സ്ക്രിപ്റ്റിലൂടെയാണ് അദ്ദേഹം ഈ കഥയെ കണ്ടിരിക്കുന്നത്്. കാരണം, അതു സ്റ്റാർഡം എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന കഥാപാത്രമല്ല.
ജോഷിയുമായുള്ള കെമിസ്ട്രി രൂപപ്പെട്ടത്…?
സ്ക്രിപ്റ്റ് രൂപപ്പെട്ടു വന്ന സമയത്ത് ഞാൻ ഫോണിൽ സംസാരിച്ചിരുന്ന സുഹൃത്തുക്കളിലൊരാളാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി. അജയ്യുടെ മനസിലാണ് ജോഷി സാറിലേക്കു പോയാലോ എന്ന ചിന്ത വന്നത്.
‘നീ എന്റെ കൂടെ ഈ പടത്തിൽ ഉണ്ടാവണം’ എന്നാണു ജോഷി സാർ സ്ക്രിപ്റ്റ് കേട്ടശേഷം പറഞ്ഞത്. അതു കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.
കാരണം, ഞാൻ വന്നു സെറ്റിലിരുന്നോട്ടെ എന്നു ചോദിക്കുന്നതു ശരിയാണോ എന്ന് എനിക്കറിയില്ലായിരുന്നു; ജോഷി സാർ ആയതുകൊണ്ട്. അന്നു മുതൽ തുടരുന്ന സംസാരങ്ങളിലൂടെ ജോഷിസാറുമായി അടുപ്പമുണ്ടായി.
തന്റെ ഇതുവരെയുള്ള സിനിമകളിലെ യാത്രയെപ്പറ്റി അദ്ദേഹം പറയുന്പോൾ ജോഷിസാർ എന്ന ഫിലിംമേക്കറിനെ ഞാൻ പഠിക്കുന്നുണ്ട്. അദ്ദേഹം നല്ല ഒരു തച്ചനെപ്പോലെയാണ്. അദ്ദേഹം ബോട്ടുണ്ടാക്കും. നമ്മൾ അതു കണ്ടു പഠിച്ചോണം.
ഇടയ്ക്കു മാത്രം പറയും തുഴ എന്തുകൊണ്ടാണ് താൻ ഇങ്ങനെ ഉണ്ടാക്കിയതെന്ന്. നമ്മുടെ ജിജ്്്ഞാസ മനസിലാക്കിയിട്ടു കൂടി മാത്രമേ ജോഷി സാർ അതു പറയുകയുള്ളൂ.
ജോഷി സ്ക്രിപ്റ്റിൽ ഇടപെട്ടിരുന്നോ…?
സ്ക്രിപ്റ്റ് തച്ചുടയ്ക്കുക എന്ന രീതിയിൽ ജോഷി സാർ ഒരിക്കലും ഇടപെട്ടിട്ടില്ല. തിരക്കഥയുടെ ടെന്പോ നിലനിർത്തുന്നതിനു ചില സീനുകൾ ചെറുതാക്കാൻ അദ്ദേഹം പറയും.
ചിലതു വലുതാക്കാൻ പറയും. ഈ സീൻ ആവശ്യമുണ്ടോ എന്നു ചോദിക്കും. അത് എല്ലാ ദിവസവും നടക്കുന്നുണ്ടായിരുന്നു.
ചില സമയങ്ങളിൽ ഞങ്ങൾ തമ്മിൽ ടീച്ചർ – സ്റ്റുഡന്റ് പോലെയായിരുന്നു. ജോഷിസാർ പറയുന്നത് എന്താണെന്നു മനസിലാക്കാൻ എനിക്കു പറ്റിയിരുന്നു.
‘ഇതു നീയെഴുതിയ സ്ക്രിപ്റ്റാണ്. ആ സ്ക്രിപ്റ്റിലൂടെ കണ്ട എന്റെ മനസിലെ സിനിമയാണ് ഞാൻ ഷൂട്ട് ചെയ്യുന്നത്. തന്റെ മനസിലെ സിനിമ ചിലപ്പോൾ വേറെ ആയിരിക്കാം’ – ജോഷി സാർ എന്നോടു പറഞ്ഞു.
എഴുതിയ ആൾ മനസിൽ വിചാരിച്ച അതേ ലെയറാണ് കണ്സീവ് ചെയ്തയാൾക്കു കിട്ടിയതെങ്കിൽ ഇരുവരും ഒരു വള്ളത്തിലാണെന്ന തോന്നൽ വരും. അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ട ഒരു മൊമന്റാണ് ജോഷി സാറുമായിട്ടുള്ളത്.
പാപ്പൻ ഒരു ജോഷി സിനിമയായി അറിയപ്പെടാൻ ആദ്യം ആഗ്രഹിക്കുന്നു. കാരണം, ഞാനെന്നും ഫിലിം മേക്കറുടെ പോയിന്റ് ഓഫ് വ്യൂവിലാണു ചിന്തിക്കുക. ജോഷി – സുരേഷ് ഗോപി കോംബോ എന്നാണ് ആളുകൾ വിളിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ അങ്ങനെ വിളിച്ചോട്ടെ.
ആദ്യമായി സുരേഷ് ഗോപി – ഗോകുൽ കോംബോ. വാണിജ്യസാധ്യതയും പരിഗണിച്ചോ?
വാണിജ്യനേട്ടങ്ങൾക്കുവേണ്ടി സിനിമ വളച്ചൊടിക്കപ്പെടുന്നതിനോടു താത്പര്യമില്ല. ജോഷി സാറിനൊപ്പമുള്ള ചർച്ചകൾക്കിടെ സുരേഷ് ഗോപി എന്ന പേരിനൊപ്പം ഗോകുലിന്റെ പേരും വന്നു.
ഈ പടത്തിന്റെ നിർമാതാവ് ഡേവിഡ് കാച്ചപ്പി ള്ളിയുടെ മനസിലും അതു തന്നെയായിരുന്നു. ഈ കഥ കേട്ടപ്പോൾ ആ വേഷം ചെയ്യാൻ തനിക്കും അവനെയാണ് ഓർമ വന്നതെന്നു സുരേഷേട്ടനും പറഞ്ഞിട്ടുണ്ട്. കഥ കേട്ടു വേഷം ഇഷ്ടമായി ഗോകുൽ മൈക്കിളായി.
സിനിമയിൽ സുരേഷേട്ടനും ഗോകുലും തമ്മിൽ വളരെ രസകരമായ ഒരു റിലേഷൻഷിപ്പുണ്ട്. അതു സാധാരണ അച്ഛൻ – മകൻ സിനിമകളിൽ നിന്നു ചെറുതായൊന്നു മാറിയിട്ടാണ്.
ജോഷി സാറിന്റെ മുന്നിലാണ് അഭിനയിക്കുന്നത്. അച്ഛന്റെ കൂടെയാണ് അഭിനയിക്കുന്നത്. ഇതൊക്കെ ഗോകുലിന് ആദ്യം ഏറെ അണ്കംഫർട്ടബിൾ ആയിരുന്നു.
അതുകൊണ്ടു തന്നെ ഗോകുൽ എന്റെയടുത്താണ് ഏറ്റവുമധികം സംസാരിച്ചിരുന്നത്. നല്ല ടൈമിംഗുള്ള നടനാണ്.
സുരേഷ്ഗോപിയുടെ ഇംപ്രോവൈസേഷൻ..?
ഇങ്ങനെ ഒരു ഡയലോഗ് എഴുതിക്കോ…ഇതു വന്നാൽ പൊളിക്കും എന്നൊന്നും സുരേഷേട്ടൻ പറഞ്ഞിട്ടില്ല. ഈ സിനിമ അർഹിക്കുന്ന ഡയലോഗ് മാത്രമേ അദ്ദേഹം പറയുന്നുള്ളൂ.
അത് ഇംപ്രോവൈസ് ചെയ്യേണ്ടതു സുരേഷേട്ടന്റെ ഭാവപ്രകടനങ്ങളിലൂടെയാണ്. സുരേഷേട്ടന്റെ ഡയലോഗുകൾക്കെല്ലാം ഒരു തരം നിഗൂഢത ഉണ്ടാവും; ഇയാളെന്താ ഇങ്ങനെ പറയുന്നത് എന്നു തോന്നും.
മെയിൽ സെൻട്രിക് സിനിമയാണോ പാപ്പൻ..?
മെയിൽ, ഫീമെയിൽ എന്നൊന്നുമില്ല. എല്ലാം കഥാപാത്രങ്ങൾ. അവരുടെ അനുഭവങ്ങളാണു വിഷയം. ഇതു മാത്തന്റെ കഥയാണ്. അതുകൊണ്ട് മെയിൽ സെൻട്രിക്.
മാത്തനെ ചുറ്റിപ്പറ്റി നിൽക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും കഥയുണ്ട്. നൈല ഉഷയും നിതാപിള്ളയും പ്രധാന വേഷങ്ങളിൽ.
മാസ് സിനിമയാണോ പാപ്പൻ..?
സത്യത്തിൽ, മാസ് എന്താണെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം മണിച്ചിത്രത്താഴ് മാസ് മൂവിയാണ്. പക്ഷേ, മാസിന്റെ ഭാഷയിൽ വരുന്ന പടമല്ലല്ലോ അത്്. സ്ഫടികം എനിക്കു ക്ലാസ് മൂവിയാണ്.
മാസിന്റെ ഭാഷയിലല്ല ഞാൻ സ്്ഫടികത്തെ പെടുത്തുന്നത്. പാപ്പൻ മാസാണോ ക്ലാസാണോ എന്നൊന്നും എനിക്കറിയില്ല. ഇതു കണ്ടാൽ ഒരു സിനിമ കാണുന്ന അനുഭവം നമുക്കു കിട്ടും. സിൻസിയർ സിനിമയാണു പാപ്പൻ.