കൊച്ചി: ഫോർട്ട് കൊച്ചിയിൽ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റി. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ഡേവിഡ് ഹാളിന് എതിർവശത്താണ് പുതുതായി വേദി അനുവദിച്ചിരിക്കുന്നത്. പോലീസ്, റവന്യൂ അധികൃതരുടെയും കാർണിവൽ സംഘാടകസമിതി ഭാരവാഹികളുടെയും യോഗമാണു തീരുമാനം കൈക്കൊണ്ടത്.
ഫോർട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്തു കടൽ കയറിയ സാഹചര്യത്തിലാണ് വേദി മാറ്റുന്നതെന്ന് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. പുതുവർഷപ്പിറവിയെ വരവേൽക്കാൻ ഫോർട്ടുകൊച്ചിയിൽ ഒരു ലക്ഷത്തോളം പേർ ഇക്കുറി എത്തുമെന്നാണു വിലയിരുത്തൽ.
മുൻകാലങ്ങളിൽ പാപ്പാഞ്ഞി കത്തിക്കൽ നടന്നിരുന്ന ബീച്ച് ഭാഗങ്ങളുടെയെല്ലാം വിസ്തൃതി ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ഗണ്യമായി കുറഞ്ഞ നിലയിലാണ്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ വേലിയേറ്റം ശക്തവുമാണ്. ബീച്ചിലെ കൽക്കെട്ടും ഇതിനു മുകളിലുള്ള നടപ്പാതയും കടലാക്രമണത്തിൽ തകർന്ന സാഹചര്യത്തിൽ ബീച്ചിലേക്കുള്ള വരവും പോക്കും പ്രയാസകരമാണെന്നും യോഗം വിലയിരുത്തി. തിക്കും തിരക്കുമുണ്ടായാൽ ബീച്ചിലെ ജനക്കൂട്ടത്തെ സുരക്ഷിതമായി ഒഴിപ്പിക്കാനാകില്ല. ഇത് ദുരന്തത്തിന് ഇടയാക്കും.
ഇരട്ട ബാരിക്കേഡ് തീർത്ത് അതിനുള്ളിലാണ് പാപ്പാഞ്ഞിയെ സ്ഥാപിക്കുക. ആദ്യത്തെ ബാരിക്കേഡിനുള്ളിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നവർ മാത്രമാണു പ്രവേശിക്കുക. പരേഡ് ഗ്രൗണ്ടിൽനിന്നാൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് സുഗമമായി കാണാനാകും. ഗ്രൗണ്ടിന്റെ സെന്റ് ഫ്രാൻസിസ് പള്ളിയോടു ചേർന്നുള്ള ഭാഗത്താണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ അരങ്ങേറുക. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും പ്രത്യേക വഴികളുണ്ടാകും.