നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്നാന്തരം ഫലം. മായമില്ല. കീടനാശിനിയില്ല. വില കൊടുക്കേണ്ട. ഗുണം മെച്ചം. തനിയേ കിളിർത്തു വരുന്ന പപ്പായതൈ ആരും പരിഗണിച്ചില്ലെങ്കിൽ പോലും വളർന്നു നിറയെ കായ്കൾ നമുക്കു തരും. അപ്പോൾ സ്വല്പം വെളളവും ജൈവവളവും കൂടി കൊടുത്താലോ…ഗുണമേന്മയുള്ള കായ്കൾ സ്വന്തമാക്കാം.
വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, നാരുകൾ… അവയൊക്കെ പപ്പായയിൽ ധാരാളം. വിറ്റാമിൻ എയും സിയും സമൃദ്ധം. പഴത്തിനു ഗുണം കൂടുതലാണെന്നു പറയേണ്ടതില്ലല്ലോ… മഞ്ഞയും ഓറഞ്ചും നിറങ്ങളിലുളള ഇനങ്ങളുമുണ്ട്. ഉൗർജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയിൽ നിന്നു നിരവധി മരുന്നുകൾ നിർമിക്കുന്നുണ്ട്.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പപ്പായ ഗുണപ്രദം. മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളിൽ പപ്പായയിലെ രാസഘടകങ്ങളുണ്ട്. മുഖം മിനുങ്ങാൻ ഫേസ്പാക്ക് തന്നെ വേണമെന്നില്ല. പപ്പായ വിഭവങ്ങളോ പഴമോ കഴിച്ചാലും നല്ലതുതന്നെ. അതിലെ ആൻറി ഓക്സിഡൻറുകൾ
യുവത്വം നിലനിർത്താൻ സഹായകം.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ
ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.
പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു. കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം.
പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (എല്ലുകളെ ബാധിക്കുന്ന രോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടാം; വളരെവേഗം മുറിവുണങ്ങും. അതു നാട്ടുമരുന്ന്.
ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം. ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
മുടിയുടെ സൗന്ദര്യം മെച്ചപ്പെടു ത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. താമസം, നഗരത്തിലാകട്ടെ, നാട്ടിൻപുറത്താകട്ടെ, ഒരു പപ്പായ തൈ എങ്കിലും നട്ടുവളർത്തണം.