മട്ടന്നൂർ: സർക്കാർ ജോലിക്കിടെയുള്ള ഒഴിവ് സമയങ്ങളിൽ കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മട്ടന്നൂർ നഗരസഭയിലെ പരിയാരത്തെ സ്നേഹ തീരത്തെ സി. യൂസഫ്. പപ്പായ കൃഷിയിലാണ് വൻ വിജയം കൈവരിച്ചത്.
ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസ് സ്റ്റാഫായ യൂസഫ് ഒഴിവ് സമയങ്ങളിലാണ് കൃഷിയിൽ സമയം കണ്ടെത്തിയത്.
വീടിന് സമീപത്തുള്ള സ്ഥലം പാട്ടത്തിനെടുത്താണ് പപ്പായ കൃഷി നടത്തുന്നത്. ചാലോട് കൃഷിഭവനിൽ നിന്നും വാങ്ങിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായാണ് കൃഷി ചെയ്തത്.
നാല് മാസം കൊണ്ട് പപ്പായ കായ്ക്കുകയും ഏഴ് മാസം കൊണ്ട് വിളവെടുക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത് സെന്റ് സ്ഥലത്ത് നടത്തിയ കൃഷിയിൽ നൂറിലേറെ പപ്പായ തൈകളിൽ നൂറ് മേനിയാണ് വിളഞ്ഞത്.
ഒരു തൈയിൽ നിന്നും 50 കിലോ മുതൽ 75 കിലോ വരെ പപ്പായ ലഭിച്ചതായും യൂസഫ് പറഞ്ഞു.പത്ത് വർഷം മുമ്പാണ് യൂസഫ് കൃഷിയിൽ ഇറങ്ങിയത്.
തേനീച്ച, മുട്ട കോഴി വളർത്തൽ, നേന്ത്ര വാഴ കൃഷി, തേനീച്ച കൃഷി എന്നിവ നടത്തിവരുന്നതിനിടെയാണ് പപ്പായ കൃഷിയിലേയ്ക്കും തിരിഞ്ഞത്.
പപ്പായുടെ വിളവെടുപ്പ് കൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. മജീദ്, കൗൺസിലർ പി.കെ. ഷിജിൻ, കൃഷി അസിസ്റ്റന്റ് അമിത സവരിയ, മുൻ കൗൺസിലർ വി.എൻ. സത്യേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.