കപ്ലങ്ങ, ഓമയ്ക്ക, കറുമൂസ് എന്നിങ്ങനെ പല നാട്ടിൽ പലപേരുകളിൽ അറിയപ്പെടുന്ന അടുക്കളത്തോട്ടത്തിലെ ഇത്തിരി കുഞ്ഞൻ പപ്പായയുടെ ഗുണങ്ങൾ ഏറെയാണ്. പഴുപ്പിച്ചും കറിവച്ചും ജാം ഉണ്ടാക്കിയും പപ്പായയെ നമ്മൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂർക്കാട് വെട്ടം കവലയ്ക്കു സമീപം കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലെ പനയിലാണ് പപ്പായ ഉണ്ടായിട്ടുള്ളത്.
കൃഷിയോട് താൽപ്പര്യമുള്ള തൊടുപുഴയിൽ ബിസിനസുകാരനായ ജോണി യാദൃശ്ചികമായാണ് ഈ അപൂർവ കാഴ്ച കണ്ടത്. വെറുതേ പനയിൽ നോക്കിയപ്പോൾ മുകളിൽ പനങ്കൈയുടെ കവിളിൽ പൂർണ വളർച്ചയെത്തിയ പപ്പായ ചെടിയും പപ്പായയും. സമീപവാസികൾക്ക് രസകരമായ കൗതുക കാഴ്ചയാണിപ്പോളിത്.