‘പത്തനംതിട്ട: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കടലാസ് വിലയിൽ 25 ശതമാനത്തോളം വില വർധന വന്നത് കേരളത്തിലെ അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കിലോഗ്രാമിന് 60 രൂപ ഉണ്ടായിരുന്ന കടലാസ് വില ഇപ്പോൾ 75 രൂപ വരെയായി. ദീർഘനാളത്തേക്ക് അച്ചടി ജോലികൾ കരാർ എടുത്തിരിക്കുന്ന സ്ഥാപനങ്ങൾ വലിയനഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമേ വിവിധ ഇനം കടലാസുകളുടെ ദൗർലഭ്യവും അച്ചടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.
കഴിഞ്ഞ രണ്ടുവർഷമായി അച്ചടി നിരക്കിൽ വർധന ഉണ്ടായിട്ടില്ല. എന്നിരുന്നാലും അസംസ്കൃത വസ്തുക്കളുടെ വില വർധന മൂലം അച്ചടി ഉത്പന്നങ്ങളുടെ വില 25 ശതമാനം വർധിപ്പിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പ്രളയം മൂലം വിപണി സ്തംഭനത്തിലായതിനേ തുടർന്ന് ജോലികൾ കുറഞ്ഞ് അച്ചടി സ്ഥാപനങ്ങൾ ബുദ്ധിമുട്ടിലായപ്പോഴാണ് കടലാസിന്റെ വിലവർധനയും ദൗർലഭ്യവും ഉണ്ടാകുന്നത്. പ്രളയം കേരളത്തിലെ അച്ചടി വ്യവസായത്തിന് 400 കോടിയോളം രൂപ നഷ്ടമുണ്ടാക്കിയതായി കണക്കാക്കുന്നു.
സംസ്ഥാനത്ത് ഒരുലക്ഷത്തിലേറെ ആളുകൾ അച്ചടി വ്യവസായത്തെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.കടലാസിന്റെ വിലവർധനയും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും വില നിയന്ത്രിക്കാൻ ത്വര നടപടികൾ സ്വീകരിക്കണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് സജി ഏബ്രഹാം, ട്രഷറാർ ഗോപാലകൃഷ്ണക്കുറുപ്പ്, മേഖല പ്രസിഡന്റ് അനിതാരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.