ന്യൂഡൽഹി: പാപ്പരാകുന്ന കന്പനികളുടെ ആദ്യ ഉടമകൾക്കു ചുളുവിലയ്ക്കു കന്പനി തിരികെ വാങ്ങാൻ പറ്റില്ലെന്നു വന്നതോടെ ബാങ്കുകൾക്കു നേട്ടം. കിട്ടാക്കടമായി മാറിയ 83000 കോടി രൂപയാണ് 2100 കന്പനികളിൽനിന്നു തിരിച്ചുകിട്ടിയത്.
വലിയ തുക ബാങ്കുകൾക്കു കൊടുക്കാനുള്ള കന്പനികൾ ഒടുവിൽ ഒത്തുതീർപ്പുണ്ടാക്കി ചെറിയ തുക ഒടുക്കി രക്ഷപ്പെടുന്നതായിരുന്നു പഴയരീതി. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡ് (ഐബിസി) വന്നപ്പോഴും കന്പനി ഉടമകൾ അധികം വിഷമിച്ചില്ല.
പക്ഷേ ഐബിസിയിൽ ഭേദഗതി വരുത്തി. കന്പനി ഉടമകൾക്കോ അവരുമായി ബന്ധപ്പെട്ടവർക്കോ ബാങ്കുകളിൽ കുടിശികയുള്ള കന്പനികളുടെ ഡയറക്ടർമാർക്കോ പാപ്പരായ കന്പനി വാങ്ങാൻപാടില്ലെന്നു വന്നു. ഇതോടെ പല കന്പനിയുടമകളും വിഷമത്തിലായി. കന്പനി കൈവിട്ടുപോകാതിരിക്കാൻ അവർ വായ്പത്തുകയും പലിശയും തിരിച്ചടച്ചു.
ഇതിനിടെ റിസർവ് ബാങ്ക് മറ്റൊന്നുകൂടി ചെയ്തു. പലിശയോ ഗഡുവോ ഒരു ദിവസമെങ്കിലും മുടങ്ങിയാൽ കുടിശികക്കാരായി കണക്കാക്കുമെന്നു വച്ചു. ഇതോടെ കൃത്യമായി പണമടയ്ക്കാനും കന്പനികൾ തയാറായി.
കുടിശികലേബൽ വന്നാൽ വലിയ നഷ്ടം വരുമെന്നതുകൊണ്ടാണിത്.ഐബിസി നിലവിൽ വന്ന ശേഷം 103 കന്പനികൾ ലിക്വിഡേറ്റ് ചെയ്തിട്ടുണ്ട്. റോട്ടോമാക് ഗ്ലോബൽ, എൽഎംഎൽ, ഗുജറാത്ത് എൻആർഇ കോക്ക് തുടങ്ങിയവ അതിൽപ്പെടുന്നു.