പാപ്പിനിശേരി: അവഗണനയിലായ ആതുരാലയത്തിന്റെ ആരോഗ്യം ആരു നോക്കുമെന്ന സ്ഥിതിയിലാണ് പാപ്പിനിശേരിയിലെ സിഎച്ച്സി. കേരളത്തിലെ ആദ്യ ജനകീയ സർക്കാർ തീരുമാനപ്രകാരം ആറ് കിടക്കകളുള്ള ധർമാശുപത്രിയായി രൂപം കൊണ്ടതാണ് ഇന്നത്തെ പാപ്പിനിശേരി സാമൂഹ്യാരോഗ്യ കേന്ദ്രം. ആദ്യമായി സിസേറിയൻ ശസ്ത്രക്രിയ നടത്തിയ സിഎച്ച്സി.
ദേശീയപാതയിൽ തലശേരിക്കും പയ്യന്നൂരിനും ഇടയിലെ ഏക സർക്കാർ ആശുപത്രി. ചരിത്രവും പ്രാധാന്യവും ഏറെയുണ്ടെങ്കിലും ദിനം പ്രതി ആയിരത്തിനടുത്ത് രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും ആശുപത്രിയെ കാലത്തിനൊത്ത് ഉയർത്താൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഈ സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. എൻഎച്ച്എമ്മിന്റെ ഭാഗമായും സേവനങ്ങൾ ലഭ്യമാണ്.
ശാസ്ത്രീയമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തത് ആശുപത്രി സൗകര്യങ്ങൾ പൂർണമായും രോഗികൾക്ക് ഉപയുക്തമാക്കാൻ സാധിക്കുന്നില്ല. ഫിസിയോ തെറാപ്പി സൗകര്യമുണ്ടെങ്കിലും ഡോക്ടറുടെ തസ്തിക പോലും നിലവിലില്ല. ഇസിജി ടെക്നിഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തുടങ്ങിയ തസ്തികയും ആശുപത്രിയിൽ നിലവിലില്ല.
എന്നാൽ ഇസിജി, എക്സ് റേ എന്നിവയെടുക്കുവാനുള്ള യന്ത്രസംവിധാനങ്ങൾ ആശുപത്രിയിലുണ്ട്. എക്സ് റേ ടെക്നീഷ്യനെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയാണ് നിയമിച്ചിരിക്കുന്നത്. നിലവിലുള്ള സൗകര്യങ്ങളെ ഉപയോഗപ്പെടുത്താനും മെച്ചപ്പെടുത്താനും സർക്കാർ താൽപര്യം കാണിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. സ്പെഷലൈസ്ഡ് ഒപി പ്രവർത്തനം ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമായി നിജപ്പെടുത്തിയത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഒരു കാലത്ത് പ്രസവത്തിന് പേരുകേട്ട ആശുപത്രിയിൽ ഇന്ന് പ്രസവം നടക്കുന്നില്ല. എന്നാൽ പ്രസവത്തിനും മറ്റുമായി തൊട്ടടുത്ത് മാങ്ങാട്ട് പറമ്പിൽ അമ്മയും കുഞ്ഞും ആശുപത്രി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നതിനാൽ ഇന്ന് പ്രസവ സൗകര്യത്തിന്റെ ആവശ്യമില്ല. എന്നാൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ആക്സിഡന്റ് ട്രോമാകെയർ യൂനിറ്റിന്റെ ആവശ്യകത ദിനംപ്രതി വർധിച്ചുവരികയാണ്.
ദേശീയപാതയിൽ നടക്കുന്ന അപകടങ്ങളിൽപ്പെട്ടവർ പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന ഈ ആശുപത്രിയിൽ എത്തിച്ചേർന്നാൽ ചികിത്സാ സൗകര്യമില്ലാത്തതിനാൽ തിരിച്ചയക്കുകയാണ് പതിവ്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ചിരകാല സ്വപ്നമാണിത്. എന്നാൽ അധികൃതരുടെ അനാസ്ഥയിൽ ഇത് കേവലം സ്വപ്നം മാത്രമായി അവസാനിക്കുമോ എന്ന ചിന്തയും ജനകീയാരോഗ്യ പ്രവർത്തകർക്കുണ്ട്.
ഡോക്ടർമാർക്ക് താമസിക്കാൻ ആവശ്യമായ ക്വാട്ടേർസ് അനുവദിക്കുകയാണെങ്കിൽ ആശുപത്രി പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.ആശുപത്രി വിപുലീകരണത്തിനായി സ്ഥലമേറ്റെടുക്കാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി തീരുമാനിച്ചെങ്കിലും നടന്നില്ല. ഇന്നും ഈ സ്ഥലമേറ്റെടുക്കുന്നതിന് സാധ്യതയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്.
പത്തിലധികം ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും ഡോക്ടർമാർ ഇല്ല എന്ന കാരണം പറഞ്ഞാണ് ഉച്ച സമയത്ത് ഒരു മണിക്കൂർ ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറാകാത്തത്. പാലിയേറ്റീവ് കെയർ യൂനിറ്റും ഒപി സംവിധാനവും മാതൃകാപരമായി പ്രവർത്തിക്കുമ്പോഴും സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്ഥതയും ആശുപത്രിയെ പിന്നോട്ടു വലിക്കുകയാണ്. സർക്കാർ അൽപം പരിഗണന നൽകുകയാണെങ്കിൽ ചരിത്രത്തിൽ നിന്നും ഭാവിയിലേക്ക് കുതിക്കാൻ സന്നദ്ധമായ ആശുപത്രിയെ ആസന്നമരണത്തിൽ നിന്ന് രക്ഷിക്കാനാകും എന്നതാണ് പൊതുജനാഭിപ്രായം.