തലയോലപ്പറന്പ്: സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം ബോചെ 98കാരിയായ പാപ്പിയമ്മയ്ക്കു താങ്ങും തണലുമായി. പൊളിഞ്ഞു വീഴാറായ കുടിലിനു കതകു ചോദിച്ച വയോധികയ്ക്കു അടച്ചുറപ്പുള്ള വീടു നിർമിച്ചാണ് ബോബി ചെമ്മണ്ണൂർ ഇത്തവണ താരമായത്.
തലയോലപറന്പ് വടയാർ തേവലക്കാടു ഭാഗത്ത് പാടത്തിന്റെ ഓരത്തെ കുടിലിൽ തനിച്ചു കഴിയുന്ന പാപ്പിയമ്മയ്ക്കാണ് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ബോബി ചെമ്മണ്ണൂർ വീടു നിർമിച്ചു നൽകുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് തേവലക്കാട് എത്തി പാപ്പിയമ്മയെ ചേർത്തു പിടിച്ച ബോബി മൂന്നു മാസത്തിനകം അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകുമെന്ന് ഉറപ്പു നൽകി.
പത്തു സെന്റ് സ്ഥലം പാപ്പിയമ്മയുടെ ഭർത്താവിനു കുടികിടപ്പായി കിട്ടിയിട്ടുണ്ടെങ്കിൽ സ്ഥലം രേഖാമൂലം സ്വന്തം പേരിലാക്കാത്തതിൽ വീടിനു സർക്കാർ ധനസഹായം ലഭിച്ചില്ല. ഭർത്താവ് മൈലാടി വർഷങ്ങൾക്കു മുന്പ് മരിച്ചു.
ഇവരുടെ മക്കളായ തങ്കമ്മ, അംബിക എന്നിവരെ വിവാഹം കഴിച്ചയച്ചു. ഇതിൽ അംബിക തേവലക്കാടും തങ്കമ്മ ചാലപ്പറന്പിലുമാണ് താമസിക്കുന്നത്.
അംബിക അമ്മയ്ക്കു ഇടയ്ക്ക് ഭക്ഷണമൊക്കെ കൊണ്ടുവന്നു നൽകും. സമീപത്തെ പറന്പിൽ വീഴുന്ന തേങ്ങയും അടയ്ക്കയുമൊക്കെ പെറുക്കിക്കുട്ടി തലയോലപ്പറന്പ് ചന്തയിൽ കൊണ്ടുപോയി കൊടുത്തു ലഭിക്കുന്ന പണം കൊണ്ടാണ് പാപ്പിയമ്മ ജീവിത ചെലവുകൾ നടത്തുന്നത്.
നാട്ടിൻ പുറത്തെ കലർപ്പില്ലാത്ത ജീവിതങ്ങളെക്കുറിച്ചു ഡോക്യുമെന്ററിയെടുക്കാൻ വന്ന ഫോട്ടോഗ്രാഫർ മഹാദേവൻ തന്പിയോട് മുണ്ടാർ സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥനാണ് പാപ്പിയമ്മയെക്കുറിച്ചു പറഞ്ഞത്.
പാപ്പിയമ്മയുടെ ജീവിത ദൈന്യം പകർത്തിയ മഹാദേവൻ തന്പിയോടു കുടിലിന് ഒരു വാതിൽ പിടിപ്പിച്ചു തരണമെന്ന ആവശ്യപ്പെട്ടു. പാപ്പിയമ്മയുടെ ചിത്രം മഹാദേവൻ തന്പി യുട്യൂബിലിട്ടത് വൈറലായിരുന്നു.
അതു ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധയിലും പെട്ടതോടെയാണ് പാപ്പിയമ്മയെ തേടി അദ്ദേഹമെത്തിയത്.