ബിഹാർ: പപ്പു യാദവ് എംപിക്കു വീണ്ടും ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. പൂർണിയയിൽനിന്നുള്ള ലോക്സഭാംഗമാണ് പപ്പു യാദവ്. പേഴ്സണൽ സെക്രട്ടറി മുഹമ്മദ് സാദിഖ് ആലമിന് വാട്സാപിലൂടെയാണു ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
വ്യാഴാഴ്ച പുലർച്ചെ 2.25 നും 9.49 നുമിടെയിലാണ് സന്ദേശങ്ങൾ വന്നതെന്ന് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സാദിഖ് ആലം പറഞ്ഞു. പപ്പു യാദവിനെ കൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തതായാണു സന്ദേശത്തിൽ പറയുന്നത്.
ഭീഷണി സന്ദേശം അയച്ച വ്യക്തി വാട്സാപ് ചാറ്റിൽ ഒരു തുർക്കി നിർമിത പിസ്റ്റളിന്റെ ചിത്രവും അയച്ചുനൽകി. ഈ തോക്ക് കൊണ്ടായിരിക്കും പപ്പു യാദവിനെ കൊലപ്പെടുത്തുകയെന്നും പറഞ്ഞു. നേരത്തെയും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഒരാളിൽനിന്നും പപ്പു യാദവിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായിരുന്നു.