ചങ്ങനാശേരി: ദീർഘനാൾ നീണ്ട കുടുംബ കലഹമാണ് പാചകവാതക സിലിണ്ടർ തുറന്നുവിട്ട് വീടിനു തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് പോലീസ്.
പായിപ്പാട് വെള്ളാപ്പള്ളി കാര്യാകോട്ടാൽ പുതുപ്പറന്പിൽ പള്ളിക്കച്ചിറ കുഞ്ഞുരാമൻ (52) ആണ് ജീവനൊടുക്കിയത്. കോവിഡ്-19ന്റെ ആഘാതത്തിൽ ബംഗാളികൾ തെരുവിലിറങ്ങിയതുമൂലമുണ്ടായ വൻ സംഘർഷാവസ്ഥക്കു പിന്നാലെയുണ്ടായ സ്ഫോടനവും ഗൃഹനാഥന്റെ മരണവും പായിപ്പാടിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ബംഗാളി പ്രക്ഷോഭത്തെത്തുടർന്ന് പോലീസ് ബന്ധവസിൽ കഴിയുന്ന പായിപ്പാട് വെള്ളാപ്പള്ളിക്കടുത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം അരങ്ങേറിയത്.
ഇന്നലെ രാത്രി മഴ ശക്തമായതോടെ വീടിനുള്ളിൽ കയറിയ കുഞ്ഞിരമാൻ പുറത്തേയ്ക്കുള്ള വാതിലുകൾ അടച്ചു കുറ്റിയിട്ടതിനുശേഷം പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
അത്യുഗ്ര സ്ഫോടനം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീപടർന്നതിനാൽ വീടിനു അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ ത്തുടർന്ന് ചങ്ങനാശേരി, തിരുവല്ല ഫയർ സ്റ്റേഷനിൽ നിന്നായി നാല് വാഹനങ്ങളിൽ നിന്നെത്തിയ സംഘം ഏറെനേരം നടത്തിയ ശ്രമത്തിലാണ് തീ അണച്ചത്.
ഇതിനുശേഷം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കുഞ്ഞിരാമന്റെ മൃതദേഹം കണ്ടത്. സ്ഫോടനത്തത്തുടർന്ന് വീടിന്റെ മേൽക്കൂരയും ഭിത്തികളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വീട്ടു സാധനങ്ങളും നാലുപാടും ചിതറിതെറിച്ചു.
വീടിനുള്ളിൽ മൂന്ന് സിലിണ്ടറുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരെണ്ണം പൊട്ടിതെറിക്കുകയും ബാക്കി രണ്ടെണം ഫയർ ഉദ്യോഗസ്ഥൻമാർ നിർവീര്യമാക്കുകയും ചെയ്തു.
ലൈഫ് പദ്ധതിയിലൂടെ പായിപ്പാട് പഞ്ചായത്ത് നിർമിച്ചു നൽകിയ വീട്ടിൽ കുഞ്ഞുരാമന്റെ കുടുംബം താമസം തുടങ്ങിയത് കഴിഞ്ഞ ഓണക്കാലത്താണ്. ഈ വീടാണ് സ്ഫോാടനത്തിൽ തകർന്നത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്നു ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.