അബ്രഹം പോയിൻചിവൽ എന്ന ഫ്രഞ്ചു സ്വദേശിയാണ് പാരിസിലെ പലൈസ് ഡി ടോക്കിയോ ഗാലറിയിൽ സ്ഥാപിച്ചിരിക്കുന്ന പാറയ്ക്കുളളിൽ കഠോര തപസ് ആരംഭിച്ചിരിക്കുന്നത്. പാറ നെടുകെ പിളർന്ന ശേഷം ഉൾവശം തുരന്നു ഒരാൾക്കു ഇരിക്കാവുന്ന രീതിയിൽ സജ്ജീകരിക്കുകയായിരുന്നു.
എട്ടു ദിവസം പാറയക്കുള്ളിൽ കഴിയാനാണ് അബ്രഹാമിന്റെ പദ്ധതി. ഇതിനായി മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ ഈ 45 കാരൻ നടത്തിയിരുന്നു. ഉണങ്ങിയ മാംസം അടക്കമുള്ള ലഘുഭക്ഷണങ്ങളും എട്ടു ദിവസത്തേക്കാവശ്യമായ കുടിവെള്ളവും പാറയ്ക്കുള്ളിൽ കരുതിയിട്ടുണ്ട്.
പാറ തുരന്നു നിർമ്മിച്ചിരിക്കുന്ന ചെറിയ വെന്റിലേഷനിലൂടെയാകും ആബ്രാഹാമിനു പ്രാണവായു ലഭിക്കുക. കൂടാതെ ഇയാളുടെ ശാരീരികാവസ്ഥകൾ നിരീക്ഷിക്കാൻ ചെറിയ കാമറകൾ പാറയ്ക്കുളളിൽ സ്ഥാപിച്ചിട്ടുണ്ട്. ധ്യാനത്തിനിടയിൽ സന്യാസിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ചികത്സിക്കാൻ മെഡിക്കൽ സംഘവും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇതാദ്യമായല്ല വേറിട്ട പ്രകടനങ്ങളിലൂടെ അബ്രഹാം ശ്രദ്ധേയനാകുന്നത്. ശവക്കല്ലറയ്ക്കുളളിൽ ദിവസങ്ങളോളം കിടന്നും ഇയാൾ ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. ഈ മാസം 22ന് ആരംഭിച്ച ആബ്രാഹിമിന്റെ തപസ് മാർച്ച് ഒന്നിനാണ് അവസാനിക്കുന്നത്. ഇഹലോകത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ് അബ്രഹാം വിജയശ്രീലാളിതനായി പാറയ്ക്കുള്ളിൽ നിന്നു പുറത്തുവരുന്നതു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.