വിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പാറവിളയിലെ പാറക്കൂട്ടങ്ങളുടെ ഒരു ഭാഗം അടർന്നു വീടിനു സമീപത്തേക്കുവീണു. പാഞ്ഞു വന്ന കൂറ്റൻ പാറകൾ വീടിന്റെ മുൻവശം തകർത്ത് ഉള്ളിലേക്ക് ഇടിച്ച് കയറിയെങ്കിലും വയോധിക ഉൾപ്പെടെയുള്ള ആറംഗ സംഘം പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
മുറ്റത്ത് നിന്നിരുന്ന രണ്ട് ആടുകളിൽ ഒന്നിന്റേ ദേഹത്തുകൂടി കൂറ്റൻ പാറ കയറിയിറങ്ങി ആട് ചത്തു. കോവളം പറവിളപ്ലാവിള വീട്ടിൽ അശോകന്റെ കോൺക്രീറ്റ് വീടിന് മുകളിലേക്കാണ് ഇന്നലെ രാവിലെ പത്തോടെ കൂറ്റൻ പാറക്കൂട്ടങ്ങൾ അടർന്ന് വീണത്.
ഈ സമയം അശോകന്റെ ഭാര്യ രാധ, മക്കളായ അനിൽകുമാർ ,അനീഷ് കുമാർ, ആതിര, രാധയുടെ സഹോദരി ലീല എന്നിവരും വീട്ടിലുണ്ടായിരുന്നു. അൻപത് മീറ്ററോളം ഉയരത്തിൽ നിന്നുള്ള പാറകൾ അടന്ന് താഴെക്ക് പതിച്ച് വീടിന്റെ മുൻവശം തകരുന്ന സമയത്ത് പുറകുവശത്തുകൂടി വീട്ടുകാർ പുറത്തിറങ്ങി രക്ഷപ്പെട്ടു.
ഇതിനിടയിൽ കൂടുതൽ പാറകൾ വീണ് വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാറകൾ വീണ് വീടു തകരുന്നതിനിടയിൽ കാഴ്ചശക്തിയില്ലാത്ത ലീലയെയും വലിച്ച് കൊണ്ട് എല്ലാവരും പുറത്തേക്ക് ചാടി.ഇതിനിടയിൽ ചെറിയ പാറക്കഷണം തെറിച്ച് വീണ് രാധക്ക് നേരിയ പരിക്കേറ്റു.
പൊക്കമുള്ള പാറക്കൂട്ടങ്ങൾക്ക് മുകളിൽ ആറ് മാസങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തി വീടുവക്കാൻ തുടങ്ങിയതാണ് പാറയിളകാൻ കാരണമായി വീട്ടുകാർ പറയുന്നു.മുകളിൽ മതിൽകെട്ട് ഉൾപ്പെടെയുള്ള പണിക്കിടയിൽ അന്ന്പാറക്കല്ലുകൾ താഴെക്ക് വീണതുമായി ബന്ധപ്പെട്ട് അശോകനും അയൽവാസിയും ചേർന്ന് സ്വകാര്യ വ്യക്തിക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു.
ഇതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പാറക്കൂട്ടങ്ങളുടെ കെട്ടുറപ്പും നശിച്ച് താഴെക്ക് പതിക്കാൻ വഴിതെളിച്ചു.വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സും കോവളം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നശിക്കാതെ അവശേഷിച്ച വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ഏറെ സാഹസപ്പെട്ട് പുറത്തെടുത്തു.
ഉച്ചയോടെ തിരുവനന്തപുരം ഡപ്യൂട്ടി കളക്ടറും സംഘവും സ്ഥലത്തെത്തി നിരീക്ഷണം നടത്തി. കൂടുതൽ അപകടാവസ്ഥയിലായ പാറക്കൂട്ടങ്ങൾക്ക് മുകളിൽ താമസിക്കുന്നവർക്കും സമീപത്തുള്ളവർക്കും മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ ഇവരോട് മാറിതാമസിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. കിടപ്പാടം നഷ്ടമായ അശോകനും കുടുംബവും കുറച്ചകലെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി.