ജക്കാർത്ത: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ ഹൈജംപ് താരം ശരത് കുമാറിനു സ്വർണം. ഏഷ്യൻ, ഗെയിംസ്് റിക്കാർഡുകളോടെയാണ് ഇന്ത്യൻ താരം സുവർണനേട്ടം സ്വന്തമാക്കിയത്. 1.90 മീറ്ററാണ് ശരത് മറികടന്ന ഉയരം. ഭാരതി വരുണ്‍ സിംഗ് (1.82 മീറ്റർ), തങ്കവേലു മാരിയപ്പൻ (1.67 മീറ്റർ) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടിയതോടെ ഈ ഇനത്തിൽ ഇന്ത്യ ആധിപത്യം പുലർത്തി.
ജാവലിൻ ത്രോ താരം സുന്ദർ സിംഗ് ഗുജ്ജറിനു വെള്ളി. പുരുഷ വിഭാഗം എഫ് 46 ഇനത്തിലാണ് സുന്ദർ സിംഗ് വെള്ളി സ്വന്തമാക്കിയത്. 61.33 മീറ്റർ ദൂരം കണ്ടെത്തിയ സുന്ദർ സിംഗിനു പിന്നിൽ 60.92 മീറ്ററുമായി റിങ്കു വെങ്കലം കരസ്ഥമാക്കിയതോടെ ഈ ഇനത്തിൽ ഇന്ത്യ ആധിപത്യം പുലർത്തി.
അതേസമയം, രണ്ട് തവണ പാരാലിന്പിക് സ്വർണ ജേതാവായ ദേവേന്ദ്ര ജജ്ഹാരിയയ്ക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ശ്രീലങ്കയുടെ ദിനേശ് ഹെരാത്തിനാണ് (61.84 മീറ്റർ) സ്വർണം. പുരുഷ വിഭാഗം 400 മീറ്റർ ടി 13 ഇനത്തിൽ ഇന്ത്യക്കായി അവ്നിൽ കുമാർ വെങ്കലം നേടി. 52 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് അവ്നിൽ വെങ്കലം കരസ്ഥമാക്കിയത്.