530 അടി താഴ്ച… അടുത്തേക്കു ചെന്നു താഴേക്കു നോക്കുന്പോൾത്തന്നെ പലർക്കും തലകറങ്ങും. പക്ഷേ, ആവേശവും സാഹസിക ലഹരിയും തലയ്ക്കു പിടിച്ചാൽ പലരും എന്തിനും ഇറങ്ങിത്തിരിക്കും.
എത്രയോ താഴ്ചകളിലേക്കു ചാടിയിരിക്കുന്നു. ആകാശത്തുകൂടി ഇങ്ങനെ പറന്നിറങ്ങുന്പോഴുള്ള സുഖം ഒരു ലഹരിയാണ്.
അതിന് ഇത്തിരി നിയമം ലംഘിച്ചാലും കുഴപ്പമില്ല എന്ന തീരുമാനവുമായിട്ടാണ് രണ്ടുപേർ ആ ബീച്ചിലെ കുന്നിൻ ചെരിവിലേക്കു വന്നത്.
എന്നാൽ, സാഹസത്തിനു കൊടുക്കേണ്ടി വന്നതു വലിയ വില. 530 അടി താഴ്ചയിലേക്കു രണ്ടു പേരും ചാടി.
വായുവിലൂടെ കുത്തനെ താഴേക്കു പതിക്കുന്നതിനിടയിലാണ് ഒരാൾ പാരച്യൂട്ട് പതിവുപോലെ നിവർത്താൻ ശ്രമിച്ചത്. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതു വിടരുന്നില്ല…
അത്രയും നേരത്തെ ലഹരിയും സന്തോഷവും ഒറ്റ നിമിഷംകൊണ്ട് ആവിയായി. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന പാറക്കെട്ടുള്ള ബീച്ചിനു സമീപത്തായിരുന്നു സംഭവം.
ആ ഫോണ് കോൾ
രാവിലെ 9.15ന് അടിയന്തര നന്പരായ 999 ലേക്ക് ഒരു കോൾ വന്നു. അതോടെ കോസ്റ്റ്ഗാർഡും ആംബുലൻസ് ജീവനക്കാരും ബീച്ച് ഹെഡ് ക്ലിഫിലേക്ക് പാഞ്ഞെത്തി.
അതോടൊപ്പം എയർ ആംബുലൻസ് ജോലിക്കാരും ഒരു ഹെലികോപ്റ്ററും പറന്നുയരുന്നതായും കാഴ്ചക്കാർ കണ്ടു.
ഈസ്റ്റ്ബൗണിൽനിന്നുള്ള കോസ്റ്റ്ഗാർഡ് റെസ്ക്യൂ ടീമുകൾ, ബിർലിംഗ് ഗ്യാപ്പ്, ന്യൂഹാവൻ, ഈസ്റ്റ്ബൗണിൽ നിന്നുള്ള ആർഎൻഎൽഐ ലൈഫ് ബോട്ട്, ലിഡിൽനിന്നുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്റർ, സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് എന്നിവരും സംഭവസ്ഥലത്തേക്കു കുതിച്ചു.
ഏറ്റവും ഉയർന്ന പാറ
ബീച്ചി ഹെഡ് ക്ലിഫ് ബ്രിട്ടനിലെ ഏറ്റവും ഉയർന്ന കടൽപാറയാണ്. സമുദ്രനിരപ്പിൽനിന്ന് 162 മീറ്റർ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ഈസ്റ്റർ ഞായറാഴ്ച മലഞ്ചെരുവ് കയറിയാണ് രണ്ടു പേർ കാണികളെ ആശങ്കയിലാക്കിയത്. പാറക്കെട്ടുകളിൽ കയറരുതെന്ന കർശന മുന്നറിയിപ്പുകളെയെല്ലാം ലംഘിച്ചുകൊണ്ടാണ് ഇരുവരുടെയും സാഹസം.
പാറക്കെട്ടിനു മുകളിൽ എത്തിയ ശേഷം കടലിലേക്കു ചാടുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം.
ചതിച്ചു പാരച്യൂട്ട്
ടീ ഷർട്ടും ഷോട്സും സുരക്ഷ ഹെൽമെറ്റുമൊക്കെ ഇരുവരും ധരിച്ചിരുന്നു. പാരച്യൂട്ടും കരുതിയിരുന്നു. ആദ്യത്തെയാളുടെ മഞ്ഞ പാരച്യൂട്ട് കൃത്യ സമയത്തു തുറന്നു. അയാൾ സുരക്ഷിതമായി നീങ്ങി.
എന്നാൽ, കൂടെയുള്ളയാളുടെ നീല പാരച്യൂട്ട് തുറക്കുന്നില്ല. അദ്ദേഹത്തെ സഹായിക്കാനായി മഞ്ഞ പാരച്യൂട്ടുകാരൻ ശ്രമം തുടങ്ങി. താഴെ ഈ അഭ്യാസങ്ങളൊക്കെ കണ്ടു നിന്നിരുന്നവർ തലയിൽ കൈവച്ചുനിന്നു.
ആദ്യത്തെയാൾ പാരച്യൂട്ടിന്റെ സഹായത്തോടെ അല്പം അകലെ വെള്ളത്തിൽ ലാൻഡ് ചെയ്തു. ഇതിനിടെ, പാരച്യൂട്ട് കേടായ കൂട്ടുകാരൻ കുത്തനെ വന്നു താഴെ വെള്ളം കുറഞ്ഞ ഭാഗത്തു കടലിലേക്കു വീണിരുന്നു.
സുരക്ഷിതമായി ലാൻഡ് ചെയ്തയാൾക്ക് കൂട്ടുകാരന്റെ സമീപത്തേക്കു പെട്ടെന്നു ചെല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും പാരച്യൂട്ടും മറ്റും നീന്തുന്നതിനു തടസമായി.
എന്തായാലും വീണയാളുടെ കാലുകൾ രണ്ടും തകർന്നു. ഇനി കുറെക്കാലമെങ്കിലും ആശുപത്രി കിടക്കയിൽ തന്നെ കഴിയേണ്ടി വരും.
സാഹസത്തിനു കുറവൊന്നുമില്ല
ഡർഡിൽ ഡോർ കമാനത്തിനു മുകളിൽ സാഹസത്തിന് ഒരിക്കലും കുറവൊന്നുമില്ല. പ്രധാനപ്പെട്ട സാഹസം വെള്ളത്തിൽ ചാടാൻ അതിന്റെ മുകളിൽ കയറുന്നതാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സാഹസിക സഞ്ചാരി ബ്രിട്ടനിലെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ജുറാസിക് കോസ്റ്റിന്റെ ഭാഗമായ കമാനത്തിലൂടെ ഒരു ജെറ്റ് ഉപയോഗിച്ചു പറക്കാനാണ് ശ്രമിച്ചത്.
സഞ്ചാരികളെക്കൊണ്ട് തോറ്റു!
ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്തെ ദുരുപയോഗം ചെയ്യുന്ന ആളുകളെക്കൊണ്ട് മടുത്തെന്നാണ് വെൽഡ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ലുൽവർത്ത് റേഞ്ചേഴ്സ് പറയുന്നത്.
ഭയാനകമായ പ്രവൃത്തികളിലൂടെ വൈറലാകാനാണ് ആളുകളുടെ ശ്രമം. സ്വയം അപകടത്തിലാവുകയും അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുകയുമാണ്.
നിയമം ലംഘിച്ച് അതിസാഹസിക കാണിക്കുന്നവർക്കെതിരേ നടപടി വേണമെന്നാണ് ഒരു വിഭാഗം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.