തൊടുപുഴ: തെരഞ്ഞെടുപ്പായാൽ വണ്ണപ്പുറം സ്വദേശികളായ നജീബിനും കരീമിനും തിരക്കോട് തിരക്കാണ്. വിവിധ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണം കൊഴുപ്പിക്കാനുള്ള പാരഡിപ്പാട്ടുകൾ ഇവരിൽ നിന്നാണ് പല മണ്ഡലത്തിലെയും വോട്ടർമാർ ഈ തെരഞ്ഞെടുപ്പു കാലത്തും കേൾക്കാൻ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തകർപ്പൻ പാട്ടുകളുടെ പാരഡികളുമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ് മുന്നണികൾ. ഇതോടെയാണ് പാരഡി ഗാനരംഗത്ത് ശ്രദ്ധേയരായ ഇരുവർക്കും തിരക്കായത്.
ഇരുപതു വർഷത്തോളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾക്കായി പാരഡി പ്പാട്ടുകൾ തയാറാക്കി നൽകി രംഗത്തുണ്ട് സുഹൃത്തുക്കളായ നജീബും കരീമും. തെരഞ്ഞെടുപ്പ് കാലമായാൽ പാർട്ടി ഏതെന്നു നോക്കാതെയാണ് പാരഡി ഗാനങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങൾക്കായി വേലിക്കകത്ത് വി.ഐ. നജീബിന്റെ വണ്ണപ്പുറത്തെ ഫോണോ മൾട്ടിമീഡിയ സ്റ്റുഡിയോ തേടി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും പാർട്ടി പ്രവർത്തകർ എത്തുന്നു.
കൂട്ടുകാരനായ കണ്ണിക്കാട്ട് കരീമാണ് പാരഡി ഗാനങ്ങളുടെ രചയിതാവ്. ചിട്ടപ്പെടുത്തി നൽകി റിക്കാർഡ് ചെയ്യുന്നതുവരെയുള്ള ചുമതല നജീബിനാണ് .പഴയകാല ഹിറ്റ് ഗാനങ്ങൾ മുതൽ ന്യൂ ജനറേഷൻ പാട്ടുകൾ വരെ സ്റ്റുഡിയോയിൽ പാരഡിയായി പുനർജനിക്കുന്നു. മാപ്പിളപ്പാട്ടുകളുടെ ഈണത്തിലുള്ള പാരഡി ഗാനങ്ങളും പ്രചാരണം കൊഴുപ്പിക്കാൻ ഇറക്കാറുണ്ട്.
ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണപക്ഷം പാരഡിപ്പാട്ടുകൾ ഇറക്കി അരങ്ങ് കൊഴുപ്പിക്കുന്പോൾ ഭരണത്തിലെ കോട്ടങ്ങൾ തുറന്നുകാട്ടിയാണ് പ്രതിപക്ഷം പാരഡിപ്പാട്ടുകൾ ഇറക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും വരികളിൽ ഉൾപ്പെടുത്താറില്ലെന്നു നജീബ് പറയുന്നു.
ഒരു പാരഡി ഗാനം എഴുതി റിക്കാർഡ് ചെയ്തു കൊടുക്കുന്നതിനു അയ്യായിരം രൂപയാണ് ഈടാക്കുന്നത്. പാരഡി ഗാനങ്ങൾ ആവശ്യമുള്ള ദൂരെ സ്ഥലങ്ങളിൽനിന്നുള്ള പ്രവർത്തകർ ഇ-മെയിൽ വഴിയും വാട്സാപ് വഴിയും സ്ഥാനാർഥിയുടെ പേരും ചിഹ്നവും വിഷയവും ഇവിടേക്ക് അയയ്ക്കുകയാണു ചെയ്യാറുള്ളത്. 24 മണിക്കൂറിനുള്ളിൽ പാട്ടു തയാറാക്കി ഇ മെയിലിലൂടെ സ്റ്റുഡിയോയിൽനിന്നു തിരികെ അയച്ചുകൊടുക്കും.
വണ്ണപ്പുറത്ത് തന്നെയുള്ള ഗായകരാണു പാട്ടുകൾ പാടുന്നത്. ഇത്തവണ നജീബിന്റെ മകൾ സ്കൂൾ വിദ്യാർഥിനിയായ ഐഷാ റുക്സാനയും ഗാനം ആലപിക്കുന്നുണ്ട്. പാരഡി ഗാനങ്ങൾക്കു പുറമെ സ്വന്തമായി ഈണം നൽകിയും പാട്ടുകൾ തയാറാക്കുന്ന കരീം സിനിമയ്ക്കു വേണ്ടിയും പാട്ടുകൾ എഴുതിയിട്ടുണ്ട്.
ഇടുക്കി മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിനു വേണ്ടിയാണ് ഇപ്പോൾ പാരഡി ഗാനങ്ങൾ എഴുതിപൂർത്തിയാക്കിയത്.
ഇതിന്റെ റിക്കാർഡിംഗ് നടന്നു വരികയാണ്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ‘മഞ്ഞാടും മാമല താഴത്ത്’, ഹണീബി 2 എന്ന ചിത്രത്തിലെ ‘ജില്ലം ജില്ലം ജില്ലാന, താനാ സേർന്ത കൂട്ടം എന്ന തമിഴ് ചിത്രത്തിലെ ‘സൊഡക്ക് മേലെ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പാരഡികൾ ഇത്തവണ ജോയ്സ് ജോർജിനായി പ്രചാരണവാഹനത്തിൽ നിന്ന് അലയടിക്കും.
ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനായും പ്രത്യേകം പാരഡിപ്പാട്ട് തയാറാക്കാനുള്ള ചുമതലയും ഇരുവരെയും തേടിയെത്തിയിട്ടുണ്ട്. വോട്ടർമാരെ ആവേശം കൊള്ളിക്കാൻ ഇതും ഉടൻ പുറത്തിറക്കും. ഇത്തവണ മലപ്പുറം, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നും പാരഡി ഗാനങ്ങൾ ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകരെത്തി.