സെബി മാത്യു
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ വാർഷികദിനമായ നവംബർ എട്ട് കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കാൻ ഒരുങ്ങിയിരിക്കുന്ന കേന്ദ്രസർക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയും പ്രമുഖരുമുൾപ്പെടെ രാജ്യത്തെ കള്ളപ്പണക്കാരുടെ പട്ടികയുമായി പാരഡൈസ് പേപ്പേഴ്സ്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ 714 ഇന്ത്യക്കാരുണ്ട്. പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ സംബന്ധിച്ചു വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി അന്വേഷണം നടത്തും. ബിജെപി, കോണ്‍ഗ്രസ് കക്ഷികളുടെ നേതാക്കൾ മുതൽ കേരള രാഷ്ട്രീയത്തിലെ വിവാദ കന്പനി ലാവ്ലിൻ വരെ പട്ടികയിലുണ്ട്.
അന്താരാഷ്ട്ര തലത്തിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന ഇന്റർനാഷണൽ കണ്‍സോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് (ഐസിഐജെ) കൂട്ടായ്മയാണു പാരഡൈസ് പേപ്പേഴ്സ് എന്ന പേരിൽ കള്ളപ്പണക്കാരുടെ പുതിയ കണക്കുകൾ പുറത്തുവിട്ടത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, കോണ്‍ഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ, വിജയ് മല്യ, നടൻ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് തുടങ്ങിയവരുൾപ്പെടെയുള്ള 714 ഇന്ത്യക്കാരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളത്.
സണ്‍ ടിവി, എസാർ ലൂപ്, എസ്എൻസി ലാവ്ലിൻ, കാർത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലൻസ് കേസിലെ സിക്വിസ്റ്റ ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്സ്, ജിൻഡാൽ സ്റ്റീൽസ്, ഹാവെൽസ്, ഹിന്ദുജ, എമ്മാർ എംജിഎഫ്, വീഡിയോകോണ്‍, ഡിഎസ് കണ്‍സ്ട്രക്ഷൻ, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആർ ഗ്രൂപ്പ് തുടങ്ങിയ കോർപറേറ്റുകളുടെ പേരുകൾ ഐസിഐജെ പുറത്തുവിട്ട പട്ടികയിലുണ്ട്. നേരത്തേ, കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള പാനമ പേപ്പർ വിവരങ്ങൾ പുറത്തുവിട്ടതും ഇതേ ഏജൻസി തന്നെയായിരുന്നു.
പാരഡൈസ് പേപ്പേഴ്സിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്, ഫിനാൻഷ്യൽ ഇന്റലിജന്റ്സ് യൂണിറ്റ്, റിസർവ് ബാങ്ക് തുടങ്ങിയ വകുപ്പുകൾ സംയുക്തമായി അന്വേഷണം നടത്തും. ആദ്യമായി പട്ടികയിൽ ഉൾപ്പെട്ടവർ സമർപ്പിച്ച ആദായനികുതി റിട്ടേണ്‍ ഫയലുകൾ പരിശോധിക്കും.
പാരഡൈസ് പേപ്പേഴ്സ്
നികുതി സ്വർഗം എന്നറിയപ്പെടുന്ന 19 രഹസ്യനിയമ അധികാരപരിധികളിലായി സൂക്ഷിക്കുന്ന കോർപറേറ്റ് രജിസ്ട്രി വിവരങ്ങൾ ഉൾപ്പെടെ 13.4 ദശലക്ഷം കോർപറേറ്റ് രേഖകളുടെ ശേഖരമാണ് പാരഡൈസ് പേപ്പേഴ്സ്. ബർമുഡയിലെ നിയമസ്ഥാപനമായ ആപ്പിൾബൈ, സിങ്കപ്പൂർ ആസ്ഥാനമായ ഏഷ്യ സിറ്റി ട്രസ്റ്റ് എന്നിവരുടെ വിവരങ്ങളും ഇതിലുണ്ട്. ഈ രേഖകളുടെ സൂക്ഷ്മ വിശദാംശങ്ങൾ ചോരുന്നത് ഇതാദ്യമായാണ്.
നികുതി വെട്ടിച്ച് വിദേശത്ത് കോടികളുടെ നിക്ഷേപം നടത്തിയ വന്പന്മാരിൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പേരുമുണ്ട്. എന്നാൽ, രാജ്ഞിയുടെ നിക്ഷേപത്തിൽ നികുതിവെട്ടിപ്പു നടന്നിട്ടുണ്ടോ എന്ന് രേഖ വ്യക്തമായി പറയുന്നില്ല.
ജർമൻ പത്രമായ സുദോത്ഷെ സെയ്തുഗും അന്വേഷണാത്മക പത്രപ്രവർത്തകരുടെ രാജ്യാന്തര സംഘടനയായ ഐസിജെയും 96 കന്പനികളുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ലോകനേതാക്കളുടെയും പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെയും കോടികളുടെ വിദേശനിക്ഷേപത്തിന്റെ നികുതിവെട്ടിപ്പു വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യയിൽനിന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രവും അന്വേഷണത്തിൽ പങ്കെടുത്തു. ബർമുഡ നിയമസ്ഥാപനമായ ആപ്പിൾബൈയിൽനിന്നുള്ള വിവരങ്ങളാണ് കൂടുതലും അന്വേഷണ വിധേയമാക്കിയത്. 119 വർഷത്തെ പാരന്പര്യമുള്ള കന്പനി രാജ്യാന്തര തലത്തിൽ അഭിഭാഷകർ, അക്കൗണ്ടന്റുമാർ, ബാങ്കുകൾ തുടങ്ങിയവയുടെ സഹായത്തോടെ പ്രവർത്തിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉൾപ്പെടെ പല പ്രമുഖ ലോക നേതാക്കളുടെയും രാജകുടുംബങ്ങളുടെയും രഹസ്യ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാരഡൈസ് പേപ്പേഴ്സിലുണ്ട്.