ഹാംഗ്ഝൗ: ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യൻ മെഡൽക്കുതിപ്പ് തുടരുന്നു. രണ്ടാംദിനമായ ഇന്ന് രണ്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി.
കനോയിംഗിൽ പ്രാചി യാദവും 400 മീറ്റർ ഓട്ടത്തിൽ ദീപ്തി ജീവൻജിയുമാണ് സ്വർണം നേടിയത്. തിങ്കളാഴ്ച കാനോ വിഎൽ2 വിഭാഗത്തിൽ വെള്ളി നേടിയ പ്രാചി, ചൊവ്വാഴ്ച കെഎൽ2 ഇനത്തിലാണ് സ്വർണം നേടിയത്.
വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ 56.69 സെക്കൻഡിൽ ഏഷ്യൻ റിക്കാർഡോടെയാണ് ദീപ്തി ജീവൻജി സ്വർണം നേടിയത്.
പുരുഷന്മാരുടെ 400 മീറ്റർ ടി64 വിഭാഗത്തിൽ അജയ് കുമാറും വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ സിമ്രാൻ ശർമയും വെള്ളി മെഡൽ സ്വന്തമാക്കി.
പുരുഷന്മാരുടെ കനോയിംഗ് കെഎൽ3 വിഭാഗത്തിൽ പ്രാചിയുടെ ഭർത്താവ് കൂടിയായ മനീഷ് കൗരവും പുരുഷന്മാരുടെ കനോയിംഗ് വിഎൽ2 വിഭാഗത്തിൽ ഗജേന്ദ്ര സിംഗും വനിതകളുടെ ക്ലബ് ത്രോ എഫ്32/51 വിഭാഗത്തിൽ എക്ത ഭയാനും വെങ്കലം നേടി.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി ഉയർന്നു. എട്ട് സ്വർണം, എട്ട് വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് മെഡൽ പട്ടിക.
പാരാഗെയിംസിലെ ആദ്യദിനം ആറ് സ്വർണമടക്കം 17 മെഡലുകളാണ് ഇന്ത്യ നേടിയത്.