ഇടുക്കി: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓട്ടിസം ബാധിച്ച മകൻ സനലിനും ഇനി പുതുജീവിതം.
വിമലയുടെയും മകൻ സനലിന്റെയും ദൈന്യത അറിഞ്ഞ മന്ത്രി എം.വി. ഗോവിന്ദനാണ് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.
താമസിച്ചിരുന്ന വീട് കാട്ടാന നശിപ്പിച്ചതിനെത്തുടർന്ന് ആനയെ ഭയന്ന് ഉയർന്ന പാറയ്ക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഷെഡിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
മകന്റെ ചികിൽസയും മുടങ്ങിയിരുന്നു. വൃക്കരോഗം മൂലവും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാൻ വിമലയ്ക്ക് സാധിച്ചിരുന്നില്ല.
വിമലയ്ക്ക് സ്ഥലവും വീടും സമയബന്ധിതമായി നൽകുന്നതിന് മന്ത്രി ഇടപെടുകയായിരുന്നു.
മന്ത്രിയുടെ നിർദേശ പ്രകാരം ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ്ടി പ്രമോട്ടർ എന്നിവർ വിമലയെ സന്ദർശിച്ചിരുന്നു.
പിന്നീട് പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ തിരുവനന്തപുരത്തു നിന്ന് ചിന്നക്കനാലിലെത്തി പാറമുകളിലുള്ള വീട് സന്ദർശിച്ചു.
കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിർദേശ പ്രകാരം താത്കാലികമായി മാറ്റി താമസിപ്പിച്ചു.
പുതിയ കട്ടിലും കിടക്കയും പുതുവസ്ത്രങ്ങളും വാങ്ങി നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
2001-ൽ വിമലയ്ക്ക് പട്ടയഭൂമി ലഭിച്ചിരുന്നെങ്കിലും കാട്ടാനശല്യം രൂക്ഷമായതു മൂലം ഇവിടെ താമസിക്കാനായില്ല.
രോഗാവസ്ഥയിലുള്ള മകന് ചികിൽസ ഉറപ്പാക്കുന്ന തരത്തിൽ സംരക്ഷണം ഉറപ്പുവരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.