കരുവാരകുണ്ട്: കരുവാരകുണ്ട് കൽകുണ്ട് മണലിയാംപാടം വനമേഖലയിൽ വൻ സ്ഫോടനത്തോടെ പാറക്കെട്ടുകൾ തകർന്ന് നിലംപതിച്ച സംഭവത്തിൽ ജിയോളജി വകുപ്പ് സ്ഥലപരിശോധന നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ച സമയത്താണ് പ്രദേശവാസികളെ ഭീതിയിലാക്കിയ സംഭവം നടന്നത്.
മണലിയാംപാടം കാർഷിക മേഖലയിൽ നിന്നും 500 മീറ്ററോളം അകലെ സൈലന്റ്വാലി സോണിലാണ് പാറക്കെട്ടുകൾ തകർന്ന് മലയിടിച്ചിൽ ഉണ്ടായത്. ഇതോടൊപ്പം പുകപടലവും ദുർഗന്ധത്തോടു കൂടിയ മലവെള്ളപാച്ചിൽ അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.
ഉൾവനത്തിൽ ഭൂമി കുലുക്കവും അതോടൊപ്പം മേഘസ്ഫോടനവും നടന്നതായും അഭ്യൂഹവുമുണ്ട്. മൂന്നു മിനിറ്റോളം സമയം മുഴക്കം അനുഭവപ്പെട്ടു. മണലിയാം പാടം കള്ള മുക്കത്തിയിൽ വെട്ടിക്കാട്ടിൽ ജോയിച്ചന്റെ കൃഷിയിടത്തിലേക്കാണ് വനത്തിൽ നിന്ന് പാറക്കെട്ടുകൾ വന്നടിഞ്ഞത്.
ഈ സമയം മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു. മഴയില്ലാതിരുന്നതു കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി, എസ്ഐ പി.ജ്യോതീന്ദ്രകുമാർ, ഗ്രാമ പഞ്ചായത്തംഗം ഷീനാ ജിൽസ്, നാട്ടുകാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.