ചിങ്ങവനം: ഫോട്ടോ ഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രമായിരുന്ന കൊല്ലാട് പാറയ്ക്കൽ കടവ് അവഗണനയുടെ നടുവിൽ. പുതുപ്പള്ളിക്കും, പനച്ചിക്കാടിനും അതിര് തീർത്ത് കൊടൂരാറിന്റെ കൈവഴി ഒഴുകുന്ന ഇവിടം ഡിറ്റിപിസി കൂടുതൽ മനോഹരമാക്കി നാടിന് സമർപ്പിച്ചുവെങ്കിലും പിന്നെ തിരിഞ്ഞു നോക്കാനാരുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇടതൂർന്ന് പടർന്നു പന്തലിച്ച മരങ്ങളും, പുഴയും, പുൽത്തകിടിയും ഉല്ലാസത്തിനെത്തുന്നവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളായിരുന്നു.
മുൻപ് കോട്ടയം ജില്ലയിലും, പരിസര പ്രദേശങ്ങളിലും വിവാഹം കഴിഞ്ഞാൽ വധൂവരൻമാർ ഫോട്ടോ ഗ്രാഫർമാരുമായി നേരേ പോരുന്നത് പാറയ്ക്കൽ കടവിലേക്കാണ്. തങ്ങളുടെ വിവാഹ ആൽബത്തിൽ പാറയ്ക്കൽ കടവിന്റെ ദൃശ്യഭംഗി കൂടി പതിഞ്ഞാലേ പൂർണമാകൂ എന്ന വിശ്വാസമാണിതിന് കാരണം.
എന്നാൽ ഇപ്പോൾ പലരും പാറയ്ക്കൽ കടവിലേക്ക് വരുന്നില്ല. മരങ്ങൾ കടപുഴകി വീണു നശിച്ചും പുഴയിൽ ഒഴുക്കു നിലച്ച് പോള തിങ്ങിയും പരിസര പ്രദേശങ്ങളിൽ പാഴ്ചെടികൾ പടരുകയും ചെയ്തതോടെ പാറയ്ക്കൽ കടവിന്റെ മനോഹാരിതയ്ക്ക് മങ്ങലേറ്റു.
ലക്ഷങ്ങൾ ചെലവഴിച്ചാണ് ഡിറ്റിപിസി ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കൽപടവുകളും സംരക്ഷണ ഭിത്തികളും ഇരിപ്പിടങ്ങളും പുൽത്തകിടികളും ഒക്കെ ഒരുക്കിയെങ്കിലും സംരക്ഷണമില്ലാതെ വന്നതോടെ എല്ലാം നാശത്തിന്റെ വക്കിലാണ്.
ഇതിനൊരു പരിഹാരമുണ്ടാക്കി പാറയ്ക്കൽ കടവിനെ മനോഹരമായി നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ പരിസ്ഥിതി വാദികളുള്ള നമ്മുടെ നാട്ടിൽ ഗ്രാമ ഭംഗി നഷ്ടപ്പെടുന്ന പാറയ്ക്കൽ കടവിനെ രക്ഷിക്കാനാരുമില്ലേ എന്ന ചോദ്യം ഉയരുന്നു.