പത്തനാപുരം : മേലില പഞ്ചായത്തിലെ ചക്കുവരയ്ക്കൽ – വെട്ടിക്കവല പാതയിൽ അപകടഭീഷണിയായി റോഡ് വശത്തെ പാറക്കൂട്ടം. പാറപ്പാട്ട് പാലത്തിന് സമീപമാണ് ഏത് നിമഷവും നിലംപൊത്താറായ നിലയിൽ പാറക്കൂട്ടമുളളത്. പ്രദേശത്തെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ പുറംമ്പോക്ക് ഭൂമിയിലെ പാറ അനധികൃതമായിഖനനം ചെയ്തതോടെയാണ് അവശേഷിച്ചവ അപകടഭീഷണിയായി മാറിയത്.
സർക്കാർ പുറംമ്പോക്കിലെ പാറ അനുമതിയില്ലാതെ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് കരറുകാരൻ ഖനനം നിർത്തിയത് .ഇതിന് സമീപത്തായാണ് വർഷങ്ങൾ പഴക്കമുളള പാലവും സ്ഥിതി ചെയ്യുന്നത്.
വെടിമരുന്നു ഉപയോഗിച്ചുളള പാറപൊട്ടിക്കൽ മൂലം പാലത്തിനും ബലക്ഷയം സംഭവിച്ചു. കൈവരികൾ ഭാഗികമായി തകർന്ന നിലയിലാണ് . അപകടഭീഷണിയായിരിക്കുന്ന പാറയ്ക്ക് സമീപത്തൂടെയാണ് കെഎസ്ആർടിസിയടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നു പോകുന്നത്.വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്നതും ഇതുവഴിയാണ്.
അപകട ഭീഷണിയായ പാറ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ഒന്നായ ആവശ്യം.കൂടാതെ അനുമതിയില്ലാതെ പാറഖനനം നടത്തി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച കരാറുകാരനെതിരെ ബന്ധപ്പെട്ടവർക്ക് ഉടൻ പരാതി നൽകുമെന്ന് നാട്ടുകാര് പറഞ്ഞു .