പത്തനംതിട്ട: നഗരത്തിൽ ദൃശ്യമായെന്ന പേരിൽ പ്രചരിക്കുന്ന പറക്കും തളിക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ജില്ലാ ആസ്ഥാനത്തും കോന്നി ടൗണിലും പറക്കും തളിക കണ്ടതായി കഴിഞ്ഞ ഒരാഴ്ചയായി നവമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.
പറക്കുംതളികയായി ആദ്യം കണ്ട രൂപം പിന്നീട് പറക്കുന്ന മനുഷ്യന്റെ രൂപം കൈവന്നതായും വാട്സ് ആപ്, ഫെയ്സ് ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെയാണ് പ്രചാരമുണ്ടായത്. ആദ്യം പത്തനംതിട്ട നഗരത്തിന്റെ പ്രധാന ഭാഗമായ അബാൻ ജംഗ്ഷനു മുകളിലും പിന്നീടു കോന്നി സെൻട്രൽ ടൗണിലും ഇതേ രൂപത്തിൽ ആകാശത്ത് ദൃശ്യമായാണ് പ്രചരിച്ചത്.
എന്നാൽ, ഇത്തരത്തിലുള്ള പ്രചാരണത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. പറക്കുന്ന മനുഷ്യരൂപവും പറക്കുംതളിക ചിത്രങ്ങളും വ്യാജമാണെന്നും ഇവർ പറഞ്ഞു. ഇത്തരം ദൃശ്യങ്ങൾ നേരി കണ്ടവരില്ല. എന്നാൽ, ദൃശ്യം കാണപ്പെട്ട സമയം ഉൾപ്പെടെയാണ് പ്രചരണം നടക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനിൽനിന്നു രൂപപ്പെടുത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് ഐടി വിദഗ്ധരും പറയുന്നത്.