പറളി: ഒരുകാലത്ത് റെയിൽവേ സ്റ്റേഷനുണ്ടായിരുന്ന ഒരു പ്രദേശം പിന്നീട് റെയിൽവേ ട്രാക്കുകൾ മാത്രമായതോടെ പ്രദേശത്തുകാരുടെ വാഹനങ്ങൾ പടിക്കു പുറത്തായി. കുളപ്പുള്ളി സംസ്ഥാനപാതയിലെ തേനൂർ വട്ടപ്പള്ളത്തുക്കാർക്കാണ് സ്വന്തംവാഹനങ്ങൾ റെയിൽവേ ട്രാക്കിനപ്പുറം വയ്ക്കാൻ വിധി.
തേനൂർ വട്ടപ്പള്ളത്തിൽ ഏകദേശം നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പതിറ്റാണ്ടുകൾക്കു മുന്പ് പറളി അങ്ങാടിയും റെയിൽവേ സ്റ്റേഷനും വില്ലേജോഫീസുമെല്ലാം പ്രവർത്തിച്ചിരുന്നത് തേനൂരായിരുന്നു. 1984ൽ റെയിൽവേ ട്രാക്ക് ഡബിൾലൈനായതോടെ വില്ലേജോഫീസും റെയിൽവേ സ്റ്റേഷനും സ്ഥാനംമാറി. വില്ലേജോഫീസ് ഇന്നത്തെ പഴയ പോസ്റ്റ് സ്റ്റോപ്പിലേക്കും റെയിൽവേ സ്റ്റേഷൻ പറളി കടവത്തേക്കും മാറി.
അന്ന് പറളി അങ്ങാടിയായിരുന്ന തേനൂരിന്റെ പ്രതാപം ഡബിൾലൈൻ വന്നതോടെ മാറി. ഇന്നത്തെ ചന്തപ്പുരയാണ് ഇപ്പോൾ പറളി സെന്റർ. ഡബിൾലൈൻ വന്നതോടെ പണ്ട് വീടുകൾ കുറവായിരുന്ന ഭാഗത്തിനിപ്പുറം റെയിൽവേ ലൈൻ മാറ്റി സ്ഥാപിച്ചു. ഇതോടെ വീടുകൾ ട്രാക്കിനപ്പുറമായി.
അന്നുകാലത്ത് ഇതുവഴിയായി ഇന്നത്തെ വട്ടപ്പള്ളം വഴിയായിരുന്ന കാൽനടയായി മറ്റു ജില്ലകളിലേക്ക് ചരക്കുകൊണ്ടുപോയിരുന്നത്. ഇതിന്റെ പ്രതീകമായി പ്രദേശത്ത് അത്താണികൾ ഇപ്പോഴുമുണ്ട്. വീടുകളിലെത്താൻ നൂറുമീറ്ററിനപ്പുറമുള്ള റെയിൽവെ ട്രാക്കിന് സമീപമുള്ള റോഡിന്റെ അറ്റത്ത് ചെറുതും വലുതുമായ വാഹനങ്ങൾ നിർത്തി വീട്ടിലേക്ക് പോകേണ്ട സ്ഥിതിയാണ്.