ടോക്കിയോ: ഭൂഗോളം ഒരു കുടക്കീഴിൽ അണിനിരക്കുന്ന മറ്റൊരു കായികപോരാട്ടത്തിനുകൂടി ടോക്കിയോയിൽ തിരി തെളിഞ്ഞു. ഒളിന്പിക്സിന്റെ ആരവം അടങ്ങിയതിനു പിന്നാലെ ടോക്കിയോയിൽ പാരാലിന്പിക്സ് മിഴി തുറന്നു.
ഇന്നുമുതൽ 12 ദിനങ്ങളിലായി ടോക്കിയോയുടെ മണ്ണിൽ മിന്നും പോരാട്ടത്തിലൂടെ ലോകഹൃദയത്തിൽ ചേക്കേറാനുള്ള പാരാ കായികതാരങ്ങളുടെ പടപ്പുറപ്പാട് കുറിക്കപ്പെട്ടു. ടോക്കിയോ നാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ 163 രാജ്യങ്ങളുടെ പ്രതിനിധികൾ പതാകയേന്തി.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയിലെത്തിയിരിക്കുന്നത്. ഒന്പത് കായികയിനങ്ങളിലായി 54 താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ പാരാലിന്പിക്സിൽ മാറ്റുരയ്ക്കും.
ഒളിന്പിക്സ് ഉദ്ഘാടനത്തിനു സമാനമായ കലാ, കരിമരുന്ന് പ്രകടനങ്ങളാൽ സന്പന്നമായിരുന്നു പാരാലിന്പിക്സ് ഉദ്ഘാടനവും. ഭിന്നശേഷിക്കാർ അണിനിരന്ന കലാപരിപാടികൾ ഉദ്ഘാടനത്തിന്റെ മാറ്റുകൂട്ടി.
മാർച്ച്പാസ്റ്റിൽ ഷോട്ട്പുട്ട് താരം തേക് ചന്ദാണ് ഇന്ത്യൻ പതാകയേന്തിയത്. ഇന്ത്യൻ സംഘത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നു.
റിയോ പാരാലിന്പിക്സിലെ സ്വർണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു കോവിഡ് പൊസിറ്റീവായ വ്യക്തിയുമായി സന്പർക്കത്തിലേർപ്പെട്ടതിനാലാണ് തേക് ചന്ദ് ഇന്ത്യയുടെ പതാകവാഹകനായത്. മാരിയപ്പൻ തങ്കവേലുവിന് പുറമെ ഇന്ത്യയുടെ അഞ്ച് കായികതാരങ്ങൾകൂടി ഐസൊലേഷനിലാണ്.
1968ൽ ആദ്യമായി പാരാലിന്പിക്സിൽ പങ്കെടുക്കാനാരംഭിച്ചതു മുതൽ നാലു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും അടക്കം 12 മെഡലുകളാണ് ഇന്ത്യക്കുള്ളത്. 2016ൽ റിയോയിൽ നടന്ന പാരാലിന്പിക്സിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാലു മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
മാർച്ച്പാസ്റ്റിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് വളന്റിയർമാരാണു പങ്കെടുത്തത്. രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് അഫ്ഗാൻ താരങ്ങൾ പാരാലിന്പിക്സിന് എത്തിയിട്ടില്ല.