സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതി മൊയ്തീന് കോയയും മക്കളും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് സമാനതകളില്ലാത്തത്.
പാലക്കാട് നഗരത്തിലെ സ്വകാര്യ കെട്ടിടത്തിലാണ് സമാന്തര ടെലിഫോണ്‍ എക്സചേഞ്ച് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം പുത്തന്‍പീടിയേക്കല്‍ വീട്ടില്‍ മൊയ്തീന്‍കോയ(ബി.എസ്.എന്‍.എല്‍. കോയ-63)യെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നു രാത്രിയാണു പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ. ടവറില്‍ 105-ാം നമ്പര്‍ മുറിയില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറയുന്നതിങ്ങനെ…
കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മൊയ്തീന്‍കോയ. സ്ഥാപനത്തിന്റെ പേരില്‍ ഇരുനൂറോളം ജിയോ, ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്.
മൊയ്തീന് കോയയുടെ മകന് ഷറഫുദ്ദീന്റെ പേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന് ഷബീറിന്റെ പേരില്‍ കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റം ചെയ്തതിന് കേസുകളുണ്ട്.
മൊയ്തീന് കോയക്കെതിരേ രണ്ടുമാസം മുമ്പ് മലപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വണ്ടൂരിലുള്ള തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയത് പിടികൂടിയപ്പോഴാണ് കേസെടുത്തത്. ഈകേസില്‍ ഒളിവില്‍ പോയ മൊയ്തീന്‍കോയയാണു പാലക്കാട്ട് പിടിയിലായത്.
ഇന്റര്‍നാഷണല്‍ ഫോണ്‍കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റം വരുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍. കോയ എന്നാണ് ഇയാളെ വിളിക്കുന്നതെന്നും പറയുന്നു.
നിലവില്‍ വഞ്ചനാകുറ്റവും ഇന്ത്യന്‍ വയര്‍ലെസ് ആക്ടും ടെലഗ്രാഫ് ആക്ടുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.