വീൽചെയറുകാർക്കു ലോകത്തിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതു ജപ്പാനാണ്. മറ്റൊരു രാജ്യവും നൽകാത്ത അത്ര പരിഗണനയാണ്, വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്നവർക്കു ജപ്പാൻ ഒരുക്കിയിരിക്കുന്നത്. 2020 ടോക്കിയോ പാരാലിന്പിക്സിന്റെ ഭാഗമായാണു ജപ്പാന്റെ ഈ പ്രത്യേക പരിഗണനയെന്നു തെറ്റിദ്ധരിക്കരുത്.
വീൽചെയറിന്റെ സഹായത്തോടെ ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ ഭിന്നശേഷിക്കാർ ജീവിക്കുന്നത് ജപ്പാനിലാണ്. ഇത്തവണത്തെ പാരാലിന്പിക്സിനും കാലങ്ങൾക്കു മുന്പുതന്നെ തുടങ്ങിയതാണത് . അതുകൊണ്ടുതന്നെ 2020 പാരാലിന്പിക്സിന് ടോക്കിയോ ആതിഥേയത്വം വഹിക്കുന്നത് എന്തുകൊണ്ടും സാധൂകരിക്കപ്പെടുന്നു.
പൊതുഇടങ്ങളിലുൾപ്പെടെ വീൽചെയറുകാർക്കു പ്രത്യേക സംവിധാനങ്ങൾ ജപ്പാനിലുണ്ട്; ജാപ്പനീസ് ജനത ഏറ്റവും ആശ്രയിക്കുന്ന ട്രെയിനിൽപ്പോലും. മെട്രോയിലാണെങ്കിലും മാളിലാണെങ്കിലും എസ്കലേറ്റർ ഉണ്ടെങ്കിൽ അതിനു തൊട്ടടുത്തായി എലവേറ്റർ ഉണ്ടായിരിക്കും.
ഇനി സ്റ്റെയറുകളാണെങ്കിലോ അടുത്തുതന്നെ സ്റ്റെയർ ലിഫ്റ്റ് ഇല്ലാത്ത ഇടമില്ല. എസ്കലേറ്ററും ലിഫ്റ്റും രണ്ടു ധ്രുവങ്ങളിലെന്ന ഇടപാട് ജപ്പാനിലില്ലെന്നു ചുരുക്കം.
ട്രെയിനിൽ ആണെങ്കിൽ വീൽചെയറുകാർക്കു പാർക്ക് ചെയ്യാൻ പ്രത്യേകം ഇടമുണ്ട്. ടിക്കറ്റ് ഗേറ്റുകളാണെങ്കിൽ ഒരു വീൽചെയർ സുഗമമായി കടന്നുപോകാനുള്ള വിസ്താരത്തിലും. വീൽചെയറുകാരെ പ്രത്യേക റാംപിന്റെ സഹായത്തോടെ സ്റ്റേഷൻ സ്റ്റാഫുകൾ ട്രെയിനിനുള്ളിൽ എത്തിക്കും.
സ്റ്റേഷനിൽ ഇറങ്ങാനും സമാന രീതിയിൽ സ്റ്റേഷൻ സ്റ്റാഫുകൾ സഹായിക്കും. വീൽചെയറുകാർക്ക് ഉപയോഗിക്കാവുന്ന വലുപ്പമുള്ള പ്രത്യേക ശൗചാലയ സൗകര്യങ്ങളുമുണ്ട്. പ്രത്യേക പരിഗണന വേണ്ടവരെ ചേർത്തുനിർത്തുന്ന ജാപ്പനീസ്ജനതയുടെ മാനുഷിക മുഖമാണിതെല്ലാം.
ടോക്കിയോയിൽനിന്ന് ആൻ ജോബി