പാരീസ്: 2024 പാരാലിന്പിക്സിന് പാരീസിൽ രാജകീയ തുടക്കം. ഭിന്നശേഷിയുള്ളവരുടെ വിശ്വ കായികമേളയായ പാരാലിന്പിക്സിന്റെ 17ാം പതിപ്പിനാണ് പാരീസിൽ തുടക്കമായത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിന്പിക്സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലർച്ചെ രണ്ടരവരെ നീണ്ടു.
സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങൾ പങ്കെടുക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന വിശ്വ കായികമാമാങ്കത്തിൽ 22 ഇനങ്ങളിലായി 4400 അത്ലറ്റുകൾ പങ്കെടുക്കും.
വർണാഭമായ കലാവിസ്മയങ്ങളുടെ നിറക്കൂട്ടിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്, പാരാലിന്പിക്സിന് തുടക്കമായതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.
ദീപശിഖയേന്തി ജാക്കി ചാൻ
ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരാലിന്പിക്സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തി ഇതിഹാസതാരം ജാക്കി ചാൻ. സ്റ്റേഡിയത്തിനു പുറത്ത്, നഗരമധ്യത്തിൽ പ്രത്യേകമൊരുക്കിയ വീഥിയിലാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്.
ഇതിഹാസ സിനിമാ താരം ജാക്കി ചാൻ പാരാലിന്പക്സ് ദീപശിഖയേന്തി പാരീസ് നഗരത്തെ ആവേശം കൊളളിച്ചു. ദീപശിഖയുമായി പാരീസ് നഗരമധ്യത്തിലെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്.
ആരാധകർക്കൊപ്പം സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും താരം ഉദ്ഘാടനച്ചടങ്ങിനെ കൂടുതൽ രസകരമാക്കി. ആവേശഭരിതരായ ആൾക്കൂട്ടം അദ്ദേഹത്തിനൊപ്പം സെൽഫിയെടുത്തും ചിത്രങ്ങളെടുത്തും ആഘോഷത്തിൽ പങ്കുകൊണ്ടു.
മൂന്നു മണിക്കൂർ നീണ്ടതായിരുന്നു പാരലിന്പിക്സ് ഉദ്ഘാടന ആഘോഷം. ജാക്കി ചാന്റെ വരവ് പാരീസിനെ ആവേശത്തിലും ആഘോഷത്തിലുമാക്കി. വെള്ള ജഴ്സിയും സണ്ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എൽസ സിൽബർസ്റ്റെയ്ൻ, നർത്തകൻ ബെഞ്ചമിൻ മില്ലേപിയഡ്, റാപ്പർ ജോർജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.
കൂടുതൽ മെഡലിന് ഇന്ത്യ
ഇന്ത്യൻ ടീമിൽ 84 പേരുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണിത്. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് എന്നിവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. ഷൂട്ടർ സിദ്ധാർഥ ബാബുവാണ് ടീമിലെ ഏക മലയാളി സാന്നിധ്യം.
കഴിഞ്ഞ ടോക്കിയോ പാരാലിന്പിക്സിൽ നേടിയ 19 മെഡലുകളാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഉയർന്ന നേട്ടം. 54 താരങ്ങളുമായി ടോക്കിയോയിൽ മത്സരിച്ച ഇന്ത്യ മെഡൽപ്പട്ടികയിൽ 24-ാം സ്ഥാനത്തെത്തി കരുത്തുകാട്ടിയിരുന്നു. പാരീസിലെ 22 മത്സരയിനങ്ങളിൽ 12 ഇനങ്ങളിലാണ് ഇന്ത്യക്കു പ്രാതിനിധ്യം.
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര