പാരീസ്: 2024 പാരീസ് പാരാലിന്പിക്സിൽ വനിതാ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്എച്ച്1ൽ ഇന്ത്യയുടെ അവനി ലേഖ്റയ്ക്കു സ്വർണം. അവനിക്കു പിന്നാലെ മോന അഗർവാൾ ഈയിനത്തിൽ വെങ്കലം നേടി ഇന്ത്യക്ക് ഇരട്ടിമധുരം നൽകി.
2020 ടോക്കിയോ പാരാലിന്പിക്സിലും അവനി 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയിരുന്നു. പാരാലിന്പിക് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്ന ആദ്യ കായികതാരം എന്ന റിക്കാർഡ് 2020ൽ അവനി സ്വന്തമാക്കിയിരുന്നു. പാരാലിന്പിക്സിൽ ഇന്ത്യക്കായി മൂന്ന് മെഡലുകൾ നേടുന്ന ആദ്യ വനിതയെന്ന റിക്കാർഡും അവനി കരസ്ഥമാക്കി.
പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ ഇന്ത്യയുടെ മനിഷ് നർവാൾ ഇന്നലെ വെള്ളി സ്വന്തമാക്കി. ദക്ഷിണകൊറിയയുടെ ജിയോങ്ഡു ജോയ്ക്കാണ് സ്വർണം. അതേസമയം, വനിതാ 100 മീറ്റർ ടി35 ഇനത്തിലൂടെ പ്രീതി പാൽ ഇന്ത്യൻ അക്കൗണ്ടിൽ വെങ്കലം എത്തിച്ചു.
ഈ ഇനത്തിൽ ഇന്ത്യക്കായി പാരാലിന്പിക്സിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ താരമാണ് പ്രീതി പാൽ. ഒരു സ്വർണം, ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ നാലു മെഡലാണ് ഇന്ത്യക്കുള്ളത്.