പാരീസ്: പാരാലിന്പിക്സ് വനിതകളുടെ വ്യക്തിഗത അന്പെയ്ത്ത് കോംപൗണ്ട് വിഭാഗത്തിൽ ശീതൾ ദേവി പ്രീക്വാർട്ടറിൽ. റാങ്കിംഗിൽ റൗണ്ടിൽ 703 പോയിന്റോടെ രണ്ടാം സ്ഥാനം നേടിയാണ് ശീതൾ പ്രീക്വാർട്ടറിലെത്തിയത്.
ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറാണിത്. 704 പോയിന്റുമായി തുർക്കിയുടെ ഒസ്നുർ ക്യൂർ ഗിർദി പുതിയ ലോക റിക്കാർഡ് കുറിച്ചു. ഈ മാസം ആദ്യം ബ്രിട്ടന്റെ ഫീബി പാറ്റേഴ്സണ്‍ കുറിച്ച 698 പോയിന്റിന്റെ റിക്കാർഡാണ് തുർക്കി താരം തിരുത്തിയത്. 694 ആണ് പാരാലിന്പിക്സ് റിക്കാർഡ്. ഇത് 2020 ടോക്കിയോ ഗെയിംസിൽ ബ്രിട്ടന്റെ തന്നെ ജെസിക സ്റ്റെർട്ടണ് സ്ഥാപിച്ചതാണ്.
ഇന്ത്യയുടെ സരിത അദാന 682 പോയിന്റുമായി ഒന്‍പതാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ വ്യക്തിഗത അന്പെയ്ത്ത് റികർവ് ഇനത്തിൽ 637 പോയിന്റുമായി ഹർവീന്ദർ സിംഗ് ഒന്‍പതാം സ്ഥാനത്തെത്തി.
യതിരാജിനും കദമിനും ജയം; മാനസിക്കു തോൽവി
പാരാലിന്പിക്സിൽ പുരുഷന്മാരുടെ സിംഗിൾസ് ബാഡ്മിന്റണിൽ സുഹാസ് യതിരാജിനും സുകന്ദ് കദമിനും തരുണ്‍ ദില്ലനും ജയം. എന്നാൽ, വനിതാ സിംഗിൾസിൽ മാനസി ജോഷിയും മന്ദീപ് കൗറും ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ തോറ്റു. പുരുഷന്മാരുടെ എസ്എൽ 3ൽ നിതീഷ് കുമാർ ഇന്ത്യയുടെ തന്നെ മനോജ് സർക്കാരിനെ പരാജയപ്പെടുത്തി.
എസ്എൽ 4 ഗ്രൂപ്പ് എയിൽ സുഹാസ് 21-7, 21-5ന് ഇന്തോനേഷ്യയുടെ ഹിക്മത് രംദാനിയെ തോൽപ്പിച്ചു. ഗ്രൂപ്പ് ബിയിൽ കദം 17-21, 21-15, 22-20ന് മലേഷ്യയുടെ മുഹമ്മദ് അമിൻ ബുർഹനിദിനെ തോൽപ്പിച്ചു. ഗ്രൂപ്പ് ഡിയിൽ തരുണ്‍ ബ്രസീലിന്റെ റൊജേരിയോ ഒലിവിയെരയെ 21-17, 21-19ന് പരാജയപ്പെടുത്തി.
വനിതകളുടെ എസ്എൽ 3 വിഭാഗത്തിൽ മാനസി ജോഷി ആദ്യ ഗെയിം നേടിയശേഷം ഇന്തോനേഷ്യയുടെ ക്വനിത സ്യാകുറോയോട് പരാജയപ്പെട്ടു. 16-21, 21-13, 21-18നാണ് ഗ്രൂപ്പ് എയിൽ മനസിയുടെ തോൽവി. ഗ്രൂപ്പ് ബിയിൽ മന്ദീപ് 21-8, 21-14ന് നൈജീരയയുടെ മറിയം ബൊലാജിയോടെ തോറ്റു.
ഇന്ത്യക്കാർ ഏറ്റുമുട്ടിയ മിക്സഡ് ഡബിൾസ് ഗ്രൂപ്പ് എയിൽ നിതീഷ് കുമാർ- തുളസിമതി മുരുഗേശൻ സഖ്യം സുഹാസ് യതിരാജ്-പാലക് കോഹ്ലി കൂട്ടുകെട്ടിനെ 21-14, 21-17ന്് തോൽപ്പിച്ചു.
പുരുഷന്മാരുടെ എസ്എൽ 3ൽ ഗ്രൂപ്പ് എയിൽ നിതീഷ് കുമാർ ഇന്ത്യയുടെതന്നെ മനോജ് സർക്കാരനെ 21-13, 18-21, 21-18ന് പരാജയപ്പെടുത്തി. വനിതകളുടെ സിംഗിൾസിൽ എസ് യു 5 വിഭാഗത്തിൽ തുളസിമതി ജയിച്ചു.
ആദ്യ സ്വർണം കരോളിൻ ഗ്രൂട്ടിന്
പാരാലിന്പിക്സിലെ ആദ്യ സ്വർണ മെഡൽ നെതർലൻഡ്സിന്റെ സൈക്ലിംഗ് താരം കരോളിൻ ഗ്രൂട്ടിന്. വനിതകളുടെ 500 മീറ്റർ ടൈം ട്രയൽ സി4-5 ഫൈനലിലാണ് ഗ്രൂട്ട് സ്വർണം നേടിയത്.
2016 റിയോ, 2020 ടോക്കിയോ പാരാലിന്പിക്സുകളിൽ സ്വർണം നേടിയ ബ്രിട്ടന്റെ കദീന കോക്സ് 50 മീറ്ററിലെത്തിയപ്പോൾ പുറത്തായി. 35.566 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നെതർലൻഡ്സ് താരം ഫിനിഷ് ചെയ്തത്.