തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചു എന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ “ആണ് പെണ്ണായി’. എന്താണെന്നല്ലേ പട്ടികയിലെ 21ാം പേരുകാരൻ പരംജ്യോതി എന്നയാൾ പുരുഷണെന്ന് തെളിഞ്ഞു. ഇയാൾ തന്നെയാണ് ഇരക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പട്ടികയിൽ കാണിച്ചിരിക്കുന്ന വിലാസത്തിൽ തന്നെയാണ് താൻ തമസിക്കുന്നതെന്നും എന്നാൽ സ്ത്രീ എന്ന് രേഖപ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പരംജ്യോതി വ്യക്തമാക്കി.
നവംബർ 29ന് ശബരിമലയിൽ ദർശനം നടത്തിയെന്നും പരംജ്യോതി അറിയിച്ചു. സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ ക്രമക്കേടുണ്ടെന്നും പലരുടെയും പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഏറെപ്പേരുടെയും പ്രായം 50ന് മുകളിലാണെന്നുമുള്ള റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി പരംജ്യോതി രംഗത്തെത്തിയത്.