മുക്കം: തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതിവിധി സംസ്ഥാനത്തെ ഖനന പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാവും. വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 700 ഓളം ക്വാറികള്‍ക്ക് പൂട്ടുവീഴും. ഇവയെല്ലാം തന്നെ സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ ഉള്ളവയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ക്വാറികൾ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിലടക്കം നിരവധി ക്വാറികൾ ഇതോടെ പൂട്ടേണ്ടതായി വരും.
ജസ്റ്റിസ് നാഗേശ്വരറാവു, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ക്വാറി ഉടമകള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന ഹൈകോടതിവിധി കഴിഞ്ഞദിവസം ശരിവെച്ചത്. വിധിയോട് സംസ്ഥാന സര്‍ക്കാറിന് കണ്ണടക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ഇതോടെ 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശംവയ്ക്കാന്‍ സാധിക്കാതെ വരും.
ക്വാറി വാണിജ്യമായി കണക്കാക്കി തോട്ടഭൂമിയില്‍ ഇളവ് കൊടുത്ത സ്ഥലത്ത് ഖനനം നടത്താമെന്നായിരുന്നു 1997ലെ ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ വിധി. അത് ശരിയല്ലെന്നും ക്വാറി മറ്റു വാണിജ്യങ്ങള്‍ പോലെയല്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിച്ചു. ആ വാദം ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ശരിവച്ചു. പിന്നീട് കേസ് ഡിവിഷന് ബെഞ്ചിന് വിട്ടു. ഡിവിഷന് ബെഞ്ച് അത് ശരിവെച്ച് ഫുള്‍ ബെഞ്ചിന് കൈമാറി.
ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഫുള്‍ ബെഞ്ച് ഇരുഭാഗവും സര്‍ക്കാര്‍ ഭാഗവും വാദം കേട്ടു. തോട്ടഭൂമിയില്‍ ഖനനം നടത്തുന്നത് നിയമലംഘനമാണെന്നും അങ്ങനെ ചെയ്താല്‍ തോട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി. അതിനെതിരെയാണ് ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഭൂപരിഷ്കരണ നിയമത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ക്വാറി ഉടമകളുടെ നീക്കത്തെയാണ് തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന വിധിയിലൂടെ സുപ്രീംകോടതി തടഞ്ഞത്. തോട്ടഭൂമികള്‍ ഖനനത്തിനായി ദുരുപയോഗം ചെയ്യുന്ന മുതലാളിമാര്‍ക്ക് ഇനി ഭൂമി പോകും. ഭൂപരിഷ്കരണ നിയമം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ശക്തിപ്പെടുത്തുകയാണ് വിധി. ലക്ഷക്കണക്കിന് ഏക്കര്‍ മരങ്ങളും പച്ചപ്പും മേല്മണ്ണുമുള്ള തോട്ടഭൂമി ഭാവിയില്‍ ഖനനത്തിന് തുറന്നുകൊടുക്കാനുള്ള നീക്കത്തെയാണ് കോടതി പൂട്ടിയത്.
1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും ഇത് തിരിച്ചടിയായി. ഔദ്യോഗിക കണക്കിലുള്ള എഴുന്നൂറോളം ക്വറികൾക്കാണ് തുടക്കത്തിൽ പൂട്ടുവീഴുന്നതെങ്കിലും അതൊരു താൽകാലിക ആശ്വാസമാണ്. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ അനധികൃതമായി പ്രവർത്തിക്കുന്ന മറ്റു ക്വാറികളെ തുറന്ന് കാണിക്കാനും അവയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കാനും സാധിക്കും.
ഉടൻ അടച്ച് പൂട്ടണം: പരിസ്ഥിതി പ്രവർത്തകർ
മുക്കം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തോട്ട ഭൂമിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്വറികളും ഉടൻ അടച്ച് പൂട്ടണമെന്ന് മുക്കം മേഖല പരിസ്ഥിതി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. കോടതി വിധി നടപ്പിലാക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ശബരിമല വിധിക്കും മരട് ഫ്ലാറ്റ് പൊളിക്കൽ വിധിക്കും പിന്നാലെ സുപ്രീം കോടതി ഉത്തരവിട്ട മറ്റൊരു വിധി കൂടി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകേണ്ടതുണ്ട്.
തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതിവിധി വന്നിട്ട് ഏതാനും ദിവസങ്ങളായി. ഇനി ആ വിധി കൂടി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു .മരട് വിഷയത്തിൽ തുടക്കത്തിൽ കാണിച്ച വൈകിപ്പിക്കൽ മാറ്റിവെച്ച് സുപ്രീം കോടതിയുടെ അന്ത്യശാസനം വരുന്ന വരെ നടപടി എടുക്കാൻ വൈകരുതന്നും ഇവർ ആവശ്യപ്പെട്ടു .