ചിങ്ങവനം: താഴത്തങ്ങാടിയിൽനിന്നും നാലുവർഷം മുന്പു സഞ്ചരിച്ചിരുന്ന കാറിനോടൊപ്പം കാണാതായ ദന്പതികൾക്കായി നാട്ടകം മുട്ടംകടവിലെ പാറക്കുളത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തെരച്ചിൽ തൽക്കാലത്തേക്കു നിർത്തിവച്ചു.
കുളത്തിൽ മുങ്ങിത്തപ്പിയിട്ടും കാറും മറ്റും തെളിവുകളും ലഭിക്കാതായതോടെയാണു തെരച്ചിൽ അവസാനിപ്പിച്ചത്. 2017-ൽ കാണാതായ താഴത്തങ്ങാടി, അറുപറ, ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദന്പതികൾക്കായാണ് ക്രൈംബ്രാഞ്ച് എസ്പി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്.
ഇവർ താമസിച്ചിരുന്നതിന്റെ സമീപ പ്രദേശങ്ങളടക്കമുള്ള ജലാശയങ്ങളിൽ നേരത്തെ മുങ്ങൽ വിദഗ്ദരുടേയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു.
തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണു മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തെരച്ചിൽ നടത്തിയത്. നാലു വർഷം മുന്പ് ഹർത്താൽ ദിനത്തിൽ വൈകുന്നേരം ഭക്ഷണം വാങ്ങുന്നതിനായാണു പുതിയ കാറിൽ ദന്പതികൾ വീട്ടിൽനിന്നും പുറത്തു പോയത്.
വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ പിന്നീടു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.