പാലാ : ഭരണങ്ങാനം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്നതും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ നാടുകാണി മലയില്‍ പാറമടലോബി പിടിമുറുക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്. ഈ മലയില്‍ ഏഴ് കമ്പനികളുടെ പേരില്‍ 54 പേരില്‍ നിന്നായി 125 ഏക്കറോളം സ്ഥലം വാങ്ങിക്കൂട്ടിയതായും വന്‍തോതിലുള്ള പാറഖനനത്തിനായി ഒരു വ്യക്തി ഡയറക്ടറായ ഏഴ് കമ്പനികളാണ് രൂപീകരിച്ചിരിക്കുന്നതെന്നും സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.
പാറമടലോബിയുടെ നീക്കത്തിനെതിരേ നാട്ടുകാര്‍ സംരക്ഷണസമിതി രൂപീകരിച്ച് സമരത്തിലാണ്. ജൈവവൈവിധത്താല് സമ്പന്നവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ നാടുകാണി മലയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം അയ്യായിരത്തോളം കുടുംബങ്ങളുണ്ട്. നാടുകാണിമല എന്നെന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാടുകാണി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഗ്രാമസഭയില്‍ പ്രമേയം പാസാക്കി പഞ്ചായത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാറമടലോബിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് വിജിലന്‍സ് അന്വേഷണവിധേയമാക്കണമെന്നും ഈ പ്രദേശത്ത് നടന്ന ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സംരക്ഷണസമിതി പറഞ്ഞു.
പാറമട ലോബിയുടെ നീക്കത്തിനെതിരേ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്തുകയും വിവിധ വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പാറമട തുടങ്ങാനുള്ള എക്സ്പ്ലോസീസ് മാഗസീന് അപേക്ഷയില്‍ എന്‍ഒസി നല്‍കേണ്ടതില്ലെന്ന് കളക്ടറേറ്റില്‍ നിന്നു ഭരണങ്ങാനം പഞ്ചായത്തിനെ അറിയിച്ചത് ജനകീയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ്. എന്‍ഒസി വൈകുന്നതിനെതിരേ പാറമട ഉടമസ്ഥന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം എഡിഎം നാടുകാണി പ്രദേശം സന്ദര്‍ശിക്കുകയും ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടും പൊതുജന പരാതിയിലെ കാര്യങ്ങളും ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനാലാണ് എന്‍ഒസി നിഷേധിച്ചത്.
റവന്യൂ പുറമ്പോക്കായ ഭൂമി അനധികൃതമായ പട്ടയ ലഭ്യതയിലൂടെയാണ് പാറമട ലോബി കൈവശപ്പെടുത്തിയതെന്നും ആരോപണമുണ്ട്. വിവിധ ലൈസന്‍സ് ലഭിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വഴിവിട്ട് ഇടപെട്ടു എന്നതിന് ഉദാഹരണമാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഇല്ലാത്ത വഴിയുണ്ടെന്ന് രേഖപ്പെടുത്തിയതെന്നും സമരസമിതി പറയുന്നു. ഇത് അംഗീകരിച്ച് ഫയര്‍ ഫോഴ്സും അനുമതി നല്കി. നാല് ജലനിധിപദ്ധതികളുടെ കിണര്‍ സ്ഥിതി ചെയ്യുന്നത് മലയടിവാരത്താണ്. പാറഖനനം ജലസ്രോതസുകളെ ഇല്ലാതാക്കുമെന്നും നാടുകാണി സംരക്ഷണ സമിതി പറഞ്ഞു.