നിലന്പൂർ: ഉരുൾപൊട്ടൽ മേഖലയിലെ കരിങ്കൽ ക്വാറികൾക്ക് ഒത്താശ നൽകി റവന്യൂ, പോലീസ് അധികൃതർ. കഴിഞ്ഞ മഴക്കാലത്തുണ്ടായ പ്രളയത്തിൽ നിലന്പൂർ മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലുകളുടെ അടിസ്ഥാനത്തിൽ ചാലിയാർ പഞ്ചായത്തിൽ അംഗീകൃത ക്വാറികൾക്ക് വരുന്ന ഓഗസ്റ്റ് മാസം വരെ റവന്യൂ വകുപ്പും, പോലീസും നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞ പ്രളയത്തിൽ ഒരു കുടുംബത്തിലെ ആറു പേർ ഉരുൾപൊട്ടലിൽ മരണപ്പെടുകയും ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തുരങ്കമുഖം ഇടിയുകയും ചെയ്ത ആഢ്യൻപാറക്ക് സമീപവും പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റത്തും അനധികൃത കരിങ്കൽ ക്വാറികൾ ഒരു നിയന്ത്രണവുമില്ലാതെ പ്രവർത്തനം തുടരുന്നത്.
ക്വാറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കരിങ്കല്ലിന് ആവശ്യക്കാർ കൂടിയ സാഹചര്യത്തിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ സ്റ്റോക്ക് ചെയ്താണ് അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത്. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും പണം നൽകിയാണ് ക്വാറി മാഫിയ പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശവാസികൾ വീടുകൾക്ക് ഉൾപ്പെടെ ഭീഷണിയായതോടെ റവന്യൂ, പോലീസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ നടപടി എടുക്കാൻ മടിക്കുകയാണ്. പോത്തുകൽ പോലീസ് സ്റ്റേഷനും കുറുന്പലങ്ങോട് വില്ലേജ് ഓഫീസിനും ഇടയിലാണ് അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത്.
ക്വാറി ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകുക മാത്രമാണ് തങ്ങളുടെ കടമയെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. 2018 ഓഗസ്റ്റിൽ ഉരുൾപൊട്ടലുകൾ ഉണ്ടായ സമയത്ത്സന്ദർശിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവർ മേഖലയിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കാൻ പാടില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. മേഖല ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശമാണെന്ന് ജിയോളജിക്കൽ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു.
2018ൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലൊന്നായ വെണ്ണേക്കോട് ആറാം ബ്ലോക്കിൽ പുള്ളിപ്പാടം വില്ലേജ് അധികൃതർ പുതിയ ക്രഷർ യൂണിറ്റിന് ലൈസൻസ് നൽകിയിരിക്കുന്നതും വിവാദമായിരിക്കുകയാണ്, നിലന്പൂർ മേഖലയിൽ റവന്യൂ അധികൃതർ കരിങ്കൽ ക്വാറി മാഫിയകൾ, ഭൂമാഫിയകൾ എന്നിവർക്ക് സഹായമായ നിലപാടുകളുമായി മുന്നോട്ടു പോകുകയാണ്. ജില്ലയിൽ കൂടുതൽ വയലുകൾ മണ്ണിട്ട് നികത്തിയ താലൂക്കായി നിലന്പൂർ മാറി കഴിഞ്ഞു.