കൊളവല്ലൂർ(കണ്ണൂർ): കൊളവല്ലൂരിൽ അനധികൃത ക്വാറികളിൽ പോലീസിന്റെ റെയ്ഡ് തുടരുന്നു. കൊളവല്ലൂർ സ്റ്റേഷൻ പരിധിയിലെ പൊടിക്കളം, വാഴമല, നരിക്കോട്ട്മല ഭാഗങ്ങളിൽ ഇന്നു പുലർച്ചെ നാലോടെ ആരംഭിച്ച റെയ്ഡിൽ ആറ് ടിപ്പർ ലോറികൾ, അഞ്ച് ഹിറ്റാച്ചി, ഒരു ജെസിബി എന്നിവ പിടികൂടി.
കൊളവല്ലൂർ എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പോലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. ഡ്രൈവർമാരും ക്വാറിയിലെ ജീവനക്കാരും പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കൊളവല്ലൂർ മേഖലയിൽ അനധികൃത ക്വാറികൾ വ്യാപകമായതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ രണ്ട് വാഹനങ്ങൾ പിടികൂടിയിരുന്നു.
കൊളവല്ലൂരിൽ ഒൻപത് പേർക്കു മാത്രമാണ് ക്വാറി ലൈസൻസ് ഉള്ളതെന്നും എന്നാൽ നൂറോളം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും എസ്ഐ ടി.വി. ധനജ്ഞയദാസ് പറഞ്ഞു. വനാതിർത്തിയോട് ചേർന്നാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. എസ്ഐമാരായ വിനോദ്, നാരായണൻ, സിവിൽ പോലീസ് ഓഫീസർമാരായ സുകേഷ്, ഗിരീഷ്, സിനോജ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കളക്ടർക്ക് കൈമാറും.