മുക്കം: വീടിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് ജീവനും സ്വത്തിനുംസംരക്ഷണമാവശ്യപെട്ട് വയോധികയും പേരക്കുട്ടികളും ക്വാറിക്ക് മുന്നിൽ സത്യഗ്രഹ സമരമാരംഭിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പുതിയ നിടത്ത് പ്രവർത്തിക്കുന്ന ചേലൂപ്പാറ ക്വാറിക്കെതിരെയാണ് പാലത്തിൽ ഏലിക്കുട്ടി (76) പേരമക്കളായ മരിയ (7) ജസ് ബിൻ (13) അജലോ (12) എന്നിവർ സമരമാരംഭിച്ചത്.
തങ്ങളുടെ വീടിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നുള്ള പ്രകന്പനം കാരണം വീടിന് പല ഭാഗത്തും വിളളൽ സംഭവിച്ചതായി ഇവർ പറഞ്ഞു. ക്വാറിയിൽ നിന്നുള്ള പൊടി കാരണം അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾ മാറുന്നില്ല. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലന്നും ഇവർ പറയുന്നു.കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നുള്ള വലിയ കല്ല് വീടുമുറ്റത്ത് തെറിച്ച് വീണ് ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്.
ഇത്തരത്തിൽ തങ്ങളനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടിയാണ് ഇവർ സമരമാരംഭിച്ചത്.അതിനിടെ പ്രദേശത്ത് ക്വാറിക്ക് പുറമെ ക്രഷർ യൂനിറ്റ് ആരംഭിക്കാനും ശ്രമം നടക്കുന്നതായും ഇവർ പറയുന്നു. സമരത്തിന് പിന്തുണയുമായി ഗ്രാമപഞ്ചായത്തംഗം സുജ ടോമിന്റെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്തെത്തി. ലോഡുമായി പോവുന്ന നിരവധി വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു. നാട്ടുകാരുടെ പരാതി വകവെക്കാതെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത്.