കൊച്ചി: തൃശൂര്‍-പാലക്കാട് മേഖലയിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാളവേദി സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും പത്തു കിലോമീറ്റര്‍ ചുറ്റളവിലെ ക്വാറി പ്രവര്‍ത്തനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.
ഇത്തരം മേഖലകളിലെ ക്വാറി പ്രവര്‍ത്തനത്തിനു നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി വേണമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തൃശൂരിലെ വന്യജീവി സങ്കേതങ്ങള്‍ക്കു സമീപം അനധികൃത ക്വാറികള്‍ ധാരളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അനധികൃത ക്വാറി പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും ഇവയുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.