മലപ്പുറം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുന്പോൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തടയുന്നതിൽ അധികൃതർ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് നിർദേശിച്ചു. തിരൂർ റെസ്റ്റ് ഹൗസിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം ഡോ. കെ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ ചുങ്കത്തറ പഞ്ചായത്തിലെ അനധികൃത ക്വാറികളെ സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ നിർദേശം.
നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴയിടുന്നതിൽ മാത്രമായി ഒതുക്കരുതെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കണമെന്നുമാണ് കമ്മീഷൻ സർക്കാരിനെ അറിയിച്ചത്.ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തിരൂരിൽ സമാന സ്റ്റേഷനുകളുടേത് പോലെ എസ്കലേറ്റർ, ലിഫ്റ്റ് അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നില്ലെന്നായിരുന്നു കമ്മീഷനു മുന്നിലെത്തിയ മറ്റൊരു പരാതി.
ഒരു പ്ലാറ്റ് ഫോമിൽ മറ്റൊന്നിലേക്കു മാറണമെങ്കിൽ നിരവധി പടികൾ കയറിയിങ്ങേണ്ട അവസ്ഥയാണ് നിലവിൽ തിരൂർ റെയിൽവേ സ്റ്റേഷനിലുള്ളത്. ആയതിനാൽ അടിസ്ഥാന സൗകര്യ വികസനം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.ഈ പരാതിയിൽ മറുപടി നൽകുന്നതിനായി ചെന്നൈയിലെ ദക്ഷിണ റയിൽവേയുടെ മാനേജർക്കും പാലക്കാട് ഡിവിഷനൽ മാനേജർക്കും കമ്മീഷൻ കത്തയച്ചിരിക്കുകയാണ്.
പ്രളയ നഷ്ടപരിഹാരം നിർണയിക്കുന്പോൾ വളർത്തു മൃഗങ്ങളുടെയും വീട്ടുപകരണങ്ങളുടെയും നഷ്ടങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു കമ്മീഷനു മുന്നിലെത്തിയ മറ്റൊരു ആവശ്യം. ഈ വിഷയത്തിൻമേൽ നടപടികൾക്കായി കമ്മീഷൻ സർക്കാരിനോട് നിർദേശം നൽകി. ലഭിച്ച 33 പരാതികളിൽ 10 പരാതികൾ കമ്മീഷൻ തീർപ്പാക്കി.