കൊടകര: കേരളത്തിലെ ക്വാറികളും ക്രഷറുകളും പഞ്ചായത്ത് കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി പൊതുമേഖലയിലാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കണ്‍വീനർ എസ്.ബാബുജി ആവശ്യപ്പെട്ടു. കുഞ്ഞാലിപ്പാറ ക്രഷർ ക്വാറി വിരുദ്ധ സമരത്തിന്റെ 60-ാം ദിനത്തിൽ പശ്ചിമഘട്ട സംരക്ഷ ഏകോപന സമിതി ജില്ല കണ്‍വീനർ കെ.ശിവരാമൻ ആരംഭിച്ച നിരാഹാര സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിപ്പാറ വിഷയത്തിൽ ആർജവത്തോടെയുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് ബാബുജി ആവശ്യപ്പെട്ടു. മറ്റ് പ്രദേശങ്ങളിൽ നടക്കുന്ന ക്വാറി ക്രഷർ വിരുദ്ധ സമരത്തിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞാലിപ്പാറ സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നിട്ടും ഇവിടത്തെ ക്രഷർ കന്പനി അടച്ചുപൂട്ടാൻ കഴിയാത്തതിനു പിന്നിലുള്ള കളി പുറത്തുകൊണ്ടുവരണമെന്നും ബാബുജി ആവശ്യപ്പെട്ടു.