ആലുവ: ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്ക് പൂട്ടുവീഴുന്നു. കര്‍ശന നടപടിയുമായി റൂറല്‍ ജില്ലാ പോലീസാണ് രംഗത്തെത്തിയിരിക്കുന്നത്.
മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പാറ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ച പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.
എറണാകുളം റൂറൽ ജില്ലയിലെ പാറമടകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഡിവൈഎസ്പി മാർക്കും എസ്എച്ച്ഒ മാർക്കും നിർദേശം നൽകി.
നിലവിൽ പ്രവർത്തിക്കുന്ന പാറമടകളുടെ ലൈസൻസ് പരിശോധിക്കും. ലൈസൻസിൽ പറയുന്ന നിബന്ധനകളോടെയല്ല പ്രവർത്തിക്കുന്നതെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയച്ചു.
പാറമടയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ അനുവദനീയമായതിലും അധികമുണ്ടെങ്കിൽ എക്സ്പ്ലോസീവ് ആക്ട് പ്രകാരം നടപടി എടുക്കും. ഇവ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധനക്ക് വിധേയമാക്കും. ഇവയുടെ സുരക്ഷാ പരിശോധന നടത്തും.
പ്രത്യേകം തയാറാക്കിയ സുരക്ഷ സംവിധാനത്തിൽ തന്നെ വേണം വെടിമരുന്ന് സൂക്ഷിക്കുവാന്‍. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ദ്യമുള്ളവരെ മാത്രമേ ഇതിനു നിയോഗിക്കാവൂവെന്ന എക്സ്പ്ലോസീവ് ആക്ട് നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തും.
അളവിലുമധികം പാറ പൊട്ടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജോലിക്കാരുടെ സുരക്ഷ ഉടമസ്ഥർ ഉറപ്പു വരുത്തുകയും വേണമെന്നും എസ്പി കെ. കാർത്തിക് പറഞ്ഞു.
അതേസമയം, മലയാറ്റൂർ കേസിൽ അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് എക്സ്പ്ലോസീവ് ലൈസൻസ് ഉടമ റോബിൻ കൈതാരത്തിനെതിരെയും കുറ്റകരമല്ലാത്ത നരഹത്യക്ക് പാറമടയുടമ ബെന്നിക്കെതിരെയും കേസെടുത്തതായി കാലടി സിഐ എം.ബി. ലത്തീഫ് അറിയിച്ചു.ഇരുവരും ഒളിവിലാണ്.