തിരുവനന്തപുരം: മാരായമുട്ടം കോട്ടയ്ക്കലിൽ പാറ ക്വാറിയിൽ അപകടം. ഒരാൾ മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് പരിക്ക്. നിരവധി പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇന്ന് രാവിലെ പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുകളിൽ നിന്ന് പാറ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.
കോട്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാമ് അപകടം. പാറക്കടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
വിവിധ സ്ഥലങ്ങളിൽ നിന്നായി ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലെൻസുകളും അപകടസ്ഥലത്തേക്ക് എത്തുകയാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയ്ക്കൽ സ്വദേശി ആൽബിന്റെ ഉടമസ്ഥതയിലുള്ള പാറ ക്വാറിയിലാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്തേക്ക് കൂടുതൽ പോലീസും ജനപ്രതിനിധികളും എത്തികൊണ്ടിരിക്കുകയാണ്.
അപകടമുണ്ടാക്കിയത് ലൈസൻസില്ലാതെ പ്രവർത്തിച്ച പാറമട
തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് അപകടമുണ്ടാക്കിയത് ലൈസൻസില്ലാതെ പ്രവർത്തിച്ച പാറമട. കോട്ടയ്ക്കലിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഇവിടെ പാറപൊട്ടിക്കൽ നടന്നിട്ടും പഞ്ചായത്ത് അധികൃതരോ ജിയോളജി വകുപ്പോ നടപടിയെടുത്തില്ലെന്നും ഉദ്യോഗസ്ഥർ മിക്കപ്പോഴും പാറമടയിൽ എത്താറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടമുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയിൽ ഒരുക്കിയിരുന്നില്ല എന്നും പരാതിയുണ്ട്.
അപകടത്തിൽ രണ്ടു പേരാണ് മരിച്ചത്. മാലക്കുളങ്ങര സ്വദേശി ബിനിൽകുമാർ, സേലം സ്വദേശി എന്നിവരാണ് അപകടത്തിൽ മരിച്ചതെന്നാണു സൂചന. പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണുമാന്തി യന്ത്രം പൂർണമായി തകർന്നു.