കോലഞ്ചേരി: തിരുവാണിയൂർ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയിൽ കല്ലുകെട്ടി താഴ്ത്തി. പ്രസവത്തെ തുടർന്നു രക്തസ്രാവം നിൽക്കാത്തതിനാൽ യുവതിയെ ഇന്നലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സിച്ച ഡോക്ടറോടാണ് യുവതി കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവിരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ പാറമടയിൽ കെട്ടി താഴ്ത്തിയെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്.
കുഞ്ഞിനെ കണ്ടെത്താൻ സ്കൂബാ ഡൈവിംഗ് വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഡോക്ടറുടെ അനുവാദത്തോടെ യുവതിയെ ചോദ്യം ചെയ്തതിനു ശേഷമേ സംഭവത്തെ പറ്റി കൂടുതൽ കാര്യങ്ങൾ പറയാനാകുകയുള്ളെന്ന് പുത്തൻകുരിശ് സിഐ പറഞ്ഞു.
ഒന്നാം തീയതി വൈകിട്ട് പിറന്ന കുഞ്ഞിനെ യുവതി തൊട്ടടുത്തുള്ള പാറമടയിൽ കെട്ടിത്താഴ്ത്തിയെന്നാണ് പറയുന്നത്. യുവതിക്ക് ഇതു കൂടാതെ നാല് മക്കൾ കൂടി ഉണ്ട്. ഇതിൽ മൂത്തയാൾക്ക് 24 വയസുണ്ട്.
ഭർത്താവ് ഉണ്ടെങ്കിലും ഇവർ ഒരുമിച്ചല്ല താമസിക്കുന്നതെന്നാണ് വിവരം. ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന.
കൃത്യം ചെയ്യാൻ ഇവരുടെ ഭർത്താവ് സഹായിച്ചോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രസവശേഷം ശാരീരികമായി തളർന്ന യുവതിയെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.