തിരുവനന്തപുരം: പുതിയ ക്വാറികൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വാറികൾക്കായി 1964ലെ ഭൂമി പതിവ് ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തി. പട്ടയ ഭൂമിയിൽ ക്വാറികൾക്ക് അനുമതി നൽകാനാണ് ഭേദഗതി വരുത്തിയതെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.
സർക്കാർ നീക്കത്തിന് പിന്നിൽ വൻ അഴിമതിയും തീവെട്ടിക്കൊള്ളയുമാണ്. 2019 മാര്‍ച്ച് അഞ്ചിന് മന്ത്രിസഭായോഗത്തിൽ വ്യവസായ മന്ത്രിയാണ് വിഷയം അവതരിപ്പിച്ചത്. റവന്യൂ മന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് മന്ത്രിസഭ യോഗത്തിൽ വ്യവസായ മന്ത്രി ഇക്കാര്യം കൊണ്ടുവന്നത്. 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങിയതും സംശയാസ്പദമാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ കൊള്ളയ്ക്ക് സർക്കാർ നേതൃത്വം നൽകിയത്. ഇക്കാര്യത്തിൽ സിപിഐയും റവന്യൂമന്ത്രിയും നിലപാട് വ്യക്തമാക്കണം. മഹാപ്രളയത്തിന് ശേഷം 119 ക്വാറികൾക്ക് സർക്കാർ അനുമതി. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. ഫയൽ പുറത്തുവിടാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.