ഷൊർണൂർ: ചൊറോട്ടൂർ പരിസരപ്രദേശത്ത് നാശംവിതച്ച് പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്ക് താത്കാലികമായി താഴുവീണു. ജിയോളജി മലിനീകരണ നിയന്ത്രണബോർഡ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചശേഷം മാത്രമേ ഇനി ക്വാറി പ്രവർത്തിക്കാൻ പാടൂവെന്നാണ് തീരുമാനം.
ഷൊർണൂർ എംഎൽഎ പി.കെ.ശശി. ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്, ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരൻ എന്നിവർ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്ന സ്ഥലം സന്ദർശിച്ചശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രദേശത്തെ നിരവധി വീടുകൾക്ക് ക്വാറിയുടെ പ്രവർത്തനം നിമിത്തം കേടുപാടുകൾ സംഭവിച്ചിരുന്നു.
വൻസ്ഫോടനങ്ങൾ നടത്തി പാറ പൊളിക്കുന്നതുമൂലം പ്രദേശത്തെ കുടിവെള്ളത്തെപോലും ഇതു ഗുരുതരമായി ബാധിച്ചിരുന്നു. 25-ഓളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. വീടുകളുടെ ചുമരുകൾ വിണ്ടുകീറുകയും അടിത്തറ ഇളകുകയും ചെയ്തിരുന്നു. കോണ്ക്രീറ്റ് വീടുകളുടെ മേൽക്കൂരകളും വിള്ളൽവീണ സ്ഥിതിയാണ്. ഇതുമൂലം പ്രദേശവാസികൾ വൻദുരിതം അനുഭവിച്ചിരുന്നു.
വാണിയംകുളം ഗ്രാമപഞ്ചായത്ത് സമ്മതപത്രം നിഷേധിച്ച കരിങ്കൽ ക്വാറിയാണ് കോടതിയുടെ ഉത്തരവു വാങ്ങി ഇവിടെ പ്രവർത്തിക്കുന്നത്.പ്രദേശത്തെ കിണറുകളിലും ജലാശയങ്ങളിലും നീരൊഴുക്ക് തടസപ്പെടുകയും ഉറവ വയ്ക്കുകയും ചെയ്തിരുന്നു. ഇതുമൂലം രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് അകാലത്തിൽ തന്നെ മേഖലയെ എത്തിച്ചുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ഇതിനുപുറമേ കരിങ്കൽപൊടി പറന്നിറങ്ങി വൃക്ഷലതാദികളും കാർഷിക വിളകളിലും എത്തുകയും കൂന്പടഞ്ഞു പോകുകയും ചെയ്യുന്ന സാഹചര്യംമൂലം കൃഷിനാശവും പരിസരവാസികൾ അനുഭവിച്ചുവന്നിരുന്നെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രവർത്തനം അവസാനിപ്പിക്കാൻ പഞ്ചായത്തും ജനപ്രതിനിധികളും നിരവധിതവണ ക്വാറി ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ക്വാറി ഉടമകൾ പ്രവർത്തനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിനിടയിൽ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരികയും ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്ന് സ്ഥലം എംഎൽഎ കൂടിയായ പി.കെ.ശശിയെ ജനങ്ങൾ സമീപിക്കുകയാണുണ്ടായത്.
സ്ഥലത്തെത്തിയ എംഎൽഎ, സബ് കളക്ടർ, ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിൽ കരിങ്കൽക്വാറി ഉടമകളുമായി ചർച്ചനടത്തുകയും അടിസ്ഥാനത്തിൽ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ജിയോളജിക്കൽ വകുപ്പ് അധികൃതരും മലിനീകരണ നിയന്ത്രണ ബോർഡും റവന്യൂ വിഭാഗവും കരിങ്കൽ ക്വാറിക്ക് അനുകൂലമായി നിലപാട് എടുത്താൽ മാത്രമേ തുടർപ്രവർത്തനം ഇനിമുതൽ സാധ്യമാകൂ. ഇതോടൊപ്പം വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രവർത്തന അനുമതിപത്രം നല്കുകയും വേണം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത വളരെ വിരളമാണ്. ചോറോട്ടൂർ മേഖലയിൽ മാത്രമായി മൂന്നു കരിങ്കൽ ക്വാറികളാണ് ഇപ്പോൾ പ്രവർത്തനം നടത്തിവരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനുംവരെ മേൽപറഞ്ഞ ക്വാറികൾ വൻഭീഷണിയാണ് ഉയർത്തിവരുന്നത്.