നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ ചിറ്റാരി മലയില്‍ കരിങ്കല്‍ ഖനനത്തിന് ക്വാറി ഉടമ നല്കിയ അപേക്ഷ പഞ്ചായത്ത് വീണ്ടും മടക്കി. ക്വാറിയോട് ചേര്‍ന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വനഭൂമി ഇല്ലെന്ന് വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്റേയും,സിനിമാ നടന്റേയും ഉടമസ്ഥതയിലുള്ള മലയോരം റോക്ക് പ്രൊഡക്ട് കമ്പനിയുടെ പേരില്‍ ഭാസി എന്ന രാമുവാണ് കഴിഞ്ഞ ദിവസം ഖനനത്തിന് അപേക്ഷ നല്‍കിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതാണ് അപേക്ഷ സ്വീകരിക്കാതിരുന്നെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
2010 ല്‍ കമ്പനി ഖനനത്തിന് അപേക്ഷ നല്‍കിയിരുന്നെന്നും അത് പഞ്ചായത്ത് നിരസിച്ചിട്ടില്ലെന്നും ഇത് കാണിച്ചാണ് ക്വാറി ഉടമകള്‍ വീണ്ടും അപേക്ഷനല്‍കിയത്. എന്നാല്‍ 2018 ല്‍ മാത്രമാണ് ക്വാറി ഉടമകള്‍ മലിനീകരണ ബോര്‍ഡിന് അപേക്ഷ നല്കിയിട്ടുള്ളൂവത്രേ. ഒരു മാസം മുമ്പ് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സ് കിട്ടിയതായി കാണിച്ച് ക്വാറി ഉടമകള്‍ അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്ത് രേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ സ്വീകരിച്ചിരുന്നില്ല.
തുടര്‍ന്ന് പൂര്‍ണമായ രേഖകള്‍ സഹിതം ഒരു മാസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു.ഇതിനിടയിലാണ് വീണ്ടും കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയത്. വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ടില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വനം ഇല്ലന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.ക്വാറിക്ക് സമീപത്ത് തന്നെ വന ഭൂമി കിടക്കുമ്പോഴാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്.