വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നയ്ക്കൽകടവിൽ ഉരുൾപൊട്ടലുണ്ടാകുന്ന മലകളുടെ താഴ് വാരങ്ങളിൽ അനിയന്ത്രിതമായി കരിങ്കൽ ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും അനുമതി നല്കാൻ നീക്കം നടക്കുന്നതായി പരാതി.
നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കി. സ്വാഭാവിക പരിസ്ഥിതി തിരിച്ചുകൊണ്ടുവരാൻ ഭീമമായ തുക ചെലവഴിച്ച് നബാർഡ് പദ്ധതികൾ നടപ്പിലാക്കുന്ന നീർത്തടപ്രദേശത്താണ് ക്വാറികൾക്ക് അനുമതി നല്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ജില്ലാ പഞ്ചായത്ത് നിർമാണപ്രവൃത്തികൾ ആരംഭിച്ചിട്ടുള്ള പാലക്കുഴി, തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതിക്കായി ഡാം നിർമിക്കുന്ന മലയുടെ അടിഭാഗമാണ് നിർദിഷ്ട പ്രദേശങ്ങൾ. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികളുടെ സ്വൈര്യവിഹാരകേന്ദ്രവും വനപ്രദേശങ്ങളും ചേർന്ന മലയിലാണ് പരിസ്ഥിതിക്കും സ്വാഭാവിക ജലസ്രോതസുകൾക്കും ആഘാതം ഏല്പിക്കുന്ന കരിങ്കൽ ഖനനത്തിന് അധികൃതരുടെ അറിവോട് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.