തിരുവനന്തപുരം: അനധികൃത പാറഖനനം തടഞ്ഞില്ലെങ്കിൽ കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കാത്തിരിക്കുന്നതു വൻ ദുരന്തമാകുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ.
കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ വ്യാപകമായ സാഹചര്യത്തിൽ ഒരു പ്രകൃതിദുരന്തവും ഭരണനേതൃത്വം പാഠമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള കർമപദ്ധതികൾക്കായി ആക്ടിസിന്റെ നേതൃത്വത്തിലുള്ള സുസ്ഥിര കേരളം സെമിനാർ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു തരത്തിലുള്ള മാറ്റവും അനുവദിക്കാതെ, ഇപ്പോഴും ക്വാറികൾ അനുവദിച്ചു കൊണ്ടിരിക്കുന്നു. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുന്പോൾ പാവപ്പെട്ട ജനങ്ങളാണ് ഇരകൾ. സംസ്ഥാനത്തെ തോട്ടം മേഖലയുടെ നടത്തിപ്പു തൊഴിലാളി സഹകരണ സംഘങ്ങളെ ഏൽപ്പിക്കണം.
ദുരന്തബാധിത മേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലേതു പോലെ തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ സംവിധാനത്തിലേക്ക് ടൂറിസം മാറണം.
ഇപ്പോഴുള്ള വന്യജീവി സംരക്ഷണ നിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ ഗാഡ്ഗിൽ അതിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. 2016നു ശേഷം കേരളത്തിലെ ദുരന്ത പ്രതികരണ സംവിധാനം കാലോചിതമായി പരിഷ്കരിക്കാൻ കഴിയാത്തതാണു ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതെന്ന് സംവാദം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
എട്ടു വർഷമായി സംസ്ഥാന ദുരന്തനിവാരണ പദ്ധതി പുതുക്കിയിട്ടില്ല. പ്രാചീനവും ശാസ്ത്രീയവുമായ അറിവുകൾ ഏകോപിപ്പിച്ചുള്ള ദുരന്ത മുന്നറിയിപ്പ് സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.