സ്വന്തംലേഖകൻ
തൃശൂർ: കേരളത്തിൽ ക്വാറി പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് നിർമാണ വസ്തുക്കൾ എത്തിച്ച് പണികൾ നടത്താമെന്ന് കരുതിയാലും ക്വാറി മാഫിയ വിടില്ല. പോലീസിനെ ഉപയോഗിച്ച് ഇത്തരം സാധനങ്ങൾ കടത്തുന്നത് തടയും. ക്വാറി മാഫിയയുടെ പണക്കിഴിയുടെ കനത്തിനനുസരിച്ച് പോലീസും നിൽക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന കേരളത്തിലേക്കു കൊണ്ടുവരുന്ന പാറപ്പൊടിയടക്കമുള്ള സാധന സാമഗ്രികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ്.
അഥവാ ആരെങ്കിലും കൊണ്ടുവന്നാൽ അത് വഴിയിൽ തടയുക മാത്രമല്ല വൻ തുക പിഴയീടാക്കുകയും ചെയ്യും.
മണൽ വാരൽ നിർത്തിയതോടെയാണ് തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് പാറപ്പൊടി കൊണ്ടുവരാൻ തുടങ്ങിയത്. എന്നാൽ ക്വാറി മാഫിയകൾ പോലീസിനെ ഉപയോഗിച്ച് ഇത് തടഞ്ഞു. ടോറസ് ലോറികളിൽ കൊണ്ടുവരുന്ന പാറപ്പൊടിക്ക് ഭാരം കൂടുതലാണെന്നു പറഞ്ഞാണ് ആദ്യം തടഞ്ഞത്. പിന്നീട് പാറപ്പൊടിയുമായി വരുന്ന ലോറികൾക്ക് വൻ തുക പിഴയീടാക്കിയതോടെ ഇവരും പിൻമാറി.
ക്വാറികളിൽ ഉൽപാദിപ്പിക്കുന്ന പാറപ്പൊടി വൻ തുകയ്ക്കാണ് കേരളത്തിലെ ക്വാറിയുടമകൾ നൽകിയിരുന്നത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പാറപ്പൊടിക്ക് ഇതിലും വില കുറച്ചാണ് എത്തിച്ചിരുന്നത്. ഇത് തിരിച്ചടിയായതോടെയാണ് പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കൈയിലെടുത്ത് ലോറികൾ തടഞ്ഞ് പിഴയിടാൻ തുടങ്ങിയത്. പാറപ്പൊടിയുമായി വരുന്ന ലോറികൾക്ക് 25,000 രൂപയിലധികമായിരുന്നു പിഴയീടാക്കിയിരുന്നത്. ഇത് നൽകാൻ സാധിക്കാതെ വന്നതോടെയാണ് ലോറികളിൽ പാറപ്പൊടി കൊണ്ടുവരുന്നത് നിർത്തിയത്.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിയതോടെ നിർമാണ മേഖല പൂർണമായും സ്തംഭിച്ചു. പാറപ്പൊടിയടക്കം കിട്ടാതായി. നദികളിലും ഡാമുകളിലുമൊക്കെ ആവശ്യത്തിലധികം മണൽ നിറഞ്ഞതോടെ മഴ വന്നാൽ പെട്ടന്ന് നിറയുന്ന സാഹചര്യമാണ്. എന്നാലും മണൽ വാരില്ലെന്ന നിലപാടെടുക്കുന്നതോടെയാണ് നിർമാണ മേഖല പൂർണമായും സ്തംഭനത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ നിർമാണങ്ങളും പൂർത്തിയാക്കാൻ സാധിക്കാതായി.
പാറപ്പൊടിയില്ലാത്തതിനാൽ സിമന്റ് ഇഷ്ടിക നിർമാണവും നിലച്ചു. പാറപ്പൊടിയില്ലാതെ നിർമാണം നടത്താൻ സാധിക്കില്ല. ഇത്തരം കന്പനികളിൽ ജോലി ചെയ്തു വന്നിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം ഇപ്പോൾ തൊഴിലില്ലാതായി. പലരും വീടുകളിലേക്ക് മടങ്ങി. നിർമാണ മേഖലയുമായി ബന്ധപ്പെട്ട കന്പി, സിമന്റ്, ഇഷ്ടിക വ്യാപാര മേഖലകളിലും മാന്ദ്യം ബാധിച്ചിരിക്കയാണിപ്പോൾ.