മലയാറ്റൂർ: ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ പ്രവർത്തിക്കുന്ന പാറമടകളിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. ഇന്പശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. ഈ മേഖലയിൽ കുടിവെളളം വിതരണത്തിനുള്ള വാട്ടർടാങ്കിനും, ഇടമലയാർ കനാൽ അക്വഡേറ്ററിലും നിന്നും 300 മീറ്റർ പോലും ദൂരത്തിലല്ല പാറമടകൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് നാട്ടുകാർ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ നിർദേശാനുസരണമാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. പാറമടകളിൽ നിന്ന് ഉണ്ടാകുന്ന ഉഗ്ര സ്ഫോടനങ്ങൾ മൂലം വിള്ളൽ സംഭവിച്ച് ഇടിഞ്ഞ് വീഴാറായ നിലയിലുളള വാട്ടർടാങ്കും ഭിത്തികൾക്ക് വിള്ളൽ സംഭവിച്ച ഇയ്യാങ്കുഴി രവിയുടെയും തോടുകുളം ദേവസിക്കുട്ടിയുടെയും വീടുകളും സന്ദർശിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.
അനുവദനീയമായതിലും കൂടുതൽ സ്ഫോടക വസ്തുക്കൾ പാറമടകളിൽ സൂക്ഷിക്കുന്നുണ്ടെന്നും നിയമം ലംഘിച്ച് നിരപ്പായ ഭൂമിയിൽ നിന്ന് 150 അടിയോളം താഴ്ത്തി പാറ പൊട്ടിച്ച് എടുക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.
അസി. ജിയോളജിസ്റ്റ് എ. ബദറുദീൻ, മലയാറ്റൂർ വില്ലേജ് ഓഫീസർ എ. അജിത്ത് കുമാർ എന്നിവരും സബ്കളക്ടറോടൊപ്പം സംഘത്തിൽ ഉണ്ടായിരുന്നു. പരിശോധന റിപ്പോർട്ട് ആർഡിഒയ്ക്ക് സമർപ്പിക്കുമെന്നും തുടർന്ന് കോടതിക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.